വ്യാജവാറ്റും കഞ്ചാവ് വില്പനയും വ്യാപകമായ നെടുങ്കണ്ടത്ത് എക്സൈസിന്റെ മിന്നല്‍ പരിശോധന. മൂന്ന് കേസുകളിലായി ഒന്നേമുക്കാല്‍ കിലോ കഞ്ചാവും 300 ലിറ്റര്‍ കോടയും പിടികൂടി. ലഹരിവില്പനയ്ക്ക് നേതൃത്വം നല്കിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ഓണത്തോടനുബന്ധിച്ച് ഇടുക്കി വഴിയുള്ള ലഹരിക്കടത്ത് വന്‍തോതില്‍ വര്‍ധിച്ചതായി എക്സൈസ് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ചെക്പോസ്റ്റുകളില്‍ ഉള്‍പ്പെടെ എക്സൈസ് പരിശോധന കര്‍ശനമാക്കി. രഹസ്യ വിവരത്തെ തുടര്‍ന്ന് ഉടുമ്പന്‍ചോല എക്സൈസ് റേഞ്ചാണ് നെടുങ്കണ്ടം മേഖലയില്‍ മിന്നല്‍ പരിശോധന നടത്തിയത്. തൂക്കുപാലം ടൗണില്‍ നിന്നാണ് ഒന്നര കിലോ കഞ്ചാവുമായി ചതുരംഗപ്പാറ സ്വദേശി വീരന് അറസ്റ്റിലായി. തമിഴ്നാട്ടില്‍ നിന്നും കഞ്ചാവ് വാങ്ങി രാമക്കല്‍മേട് വഴി നടന്ന് കേരളത്തിലേയ്ക്ക് കടക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. പാറത്തോട്, ഉടുമ്പന്‍ചോല മേഖലകളില്‍ കഞ്ചാവ് വിതരണം ചെയ്യുന്നത് വീരനാണ്. നെടുങ്കണ്ടം ബസ് സ്റ്റാന്റില്‍ നിന്ന് 220 ഗ്രാം കഞ്ചാവുമായി തമിഴ്നാട് ഉത്തമപാളയം സ്വദേശി ശെല്‍വം അറസ്റ്റിലായി. ഒരു വര്‍ഷം മുന്‍പ് ചതുരംഗപ്പാറ വഴി നാല് കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ ശെല്‍വം. പുഷ്പകണ്ടം അണക്കരമെട്ടില്‍ നടന്ന റെയ്ഡില്‍ അഞ്ച് ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ കോടയുമായി അംബികാ ഭവനില്‍ മുരളിയാണ് അറസ്റ്റിലായത്. ഓണം ലക്ഷ്യമിട്ട് വില്‍പ്പനയ്ക്കായി തയ്യാറാക്കിയ ചാരായവും കോടയുമാണ് പിടികൂടിയത്.
ചെക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയതോടെ സമാന്തര പാതകള്‍ വഴിയാണ് നിലവില്‍ കഞ്ചാവ് കടത്ത്. ഈ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാനാണ് എക്സൈസിന്റെ തീരുമാനം.