തൃശൂര്‍ റൂറല്‍ മേഖലയില്‍ കുറ്റവാളികളെ പിടികൂടാന്‍ ഊര്‍ജിത നീക്കവുമായി പൊലീസ്. ഒന്‍പതു വാഹനങ്ങളില്‍ വിപുലമായ പൊലീസ് സംഘം രാവും പകലും റൂറല്‍ മേഖലയില്‍ ചുറ്റിക്കറങ്ങും. കഞ്ചാവിന്റെ ലഹരിയില്‍ അഴിഞ്ഞാടുന്ന ഗുണ്ടാസംഘങ്ങളെ നിലയ്ക്കു നിര്‍ത്താനാണ് പൊലീസിന്റെ ഈ നീക്കം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി.
കൊടുങ്ങല്ലൂര്‍ , ചാവക്കാട് തുടങ്ങി തൃശൂരിന്റെ റൂറല്‍ പൊലീസ് പരിധിയില്‍ ഗുണ്ടകളുടെ പട്ടിക മുന്നൂറു കടന്നതോടെ പട്രോളിങ്ങിന് കൂടുതല്‍ വാഹനങ്ങള്‍ പുറത്തിറക്കി. സ്ഥിരം കുറ്റവാളികളുടെ വീട്ടില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും പൊലീസ് എത്തും. പ്രത്യേകിച്ച് തൃശൂരിന്റെ തീരമേഖലയില്‍ ക്രിമിനല്‍ സംഘത്തിന്റെ അഴിഞ്ഞാട്ടം കൂടിയ സാഹചര്യത്തിലാണ് പൊലീസിന്റെ ഇടപെടല്‍. ഒന്‍പതു വാഹനങ്ങളാണ് പട്രോളിങ്ങിനായി ഏര്‍പ്പെടുത്തിയത്. ഈ വാഹനങ്ങളിലെ പൊലീസുകാര്‍ക്ക് വണ്ടി പരിശോധിച്ച് പിഴ ഈടാക്കാന്‍ അധികാരമില്ല. അതതു സ്റ്റേഷനുകളിലേക്ക് നോട്ടിസ് നല്കി പറഞ്ഞുവിടണം.
കഴിഞ്ഞ ദിവസം ചെന്ത്രാപ്പിന്നിയില്‍ ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചിരുന്നു. തീരപ്രദേശം കേന്ദ്രീകരിച്ച് പൊലീസ് ജാഗ്രത കാണിച്ചില്ലെങ്കില്‍ അക്രമം തുടരുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് വിപുലമായ സംഘത്തെ രാവുപകലും പട്രോളിങ്ങിന് നിയോഗിച്ചത്.