ഇതരസംസ്ഥാനങ്ങളിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ അഡ്മിഷന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ അറസ്റ്റിലായ പ്രതിക്കെതിരെ പരാതിയുമായി കൂടുതല്‍പേര്‍ രംഗത്ത്. നാലുപേരില്‍നിന്നായി ഒരു കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
ബെംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിന് സീറ്റ് വാഗ്ദാനം ചെയ്ത് 44 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് കോട്ടയം പാമ്പാടി സ്വദേശി ഉണ്ണി ശശി പത്തനംതിട്ടയില്‍ പിടിയിലായത്. 2013 ല്‍ പണം തട്ടിയെടുത്തുവെന്നുകാണിച്ച് തിരുവല്ലയ്ക്ക് സമീപം മുത്തൂര്‍ സ്വദേശി നല്കിയ പരാതിയിലായിരുന്നു അറസ്റ്റ്. രണ്ടുപേര്‍ നല്കിയ ഹര്‍ജികളാണ് തിരുവല്ല പൊലീസിന് കോടതി കൈമാറിയത്. ഉണ്ണി ശശി പിടിയിലായെന്ന് അറിഞ്ഞതോടെ രണ്ടുപേര്‍ക്കൂടി പരാതിയുമായി രംഗത്തെത്തി. 2013 മുതല്‍ 2016വരെ തട്ടിപ്പ് നടത്തിയതായാണ് നിലവില്‍ പരാതി ലഭിച്ചിരിക്കുന്നത്.
പീഡനക്കേസും, തട്ടിപ്പുകേസുകളും ഉള്‍പ്പടെ ഉണ്ണി ശശിക്കെതിരെ നിരവധി കേസുകള്‍ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിലവിലുണ്ട്. അറസ്റ്റ് വിവരം പുറത്തറിയുന്നതോടെ കൂടുതല്‍പേര്‍ പരാതിയുമായെത്തുമെന്നാണ് പൊലീസ് നിഗമനം. പ്രതിയെ രക്ഷപെടുത്താന്‍ രാഷ്ട്രീയനീക്കം നടക്കുന്നതായി സംശയമുണ്ടെന്ന് പരാതിക്കാരും പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.