കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. രണ്ടിടങ്ങളില്‍ നിന്നായി എട്ടുകിലോ കഞ്ചാവ് പിടികൂടി. അന്തര്‍ സംസ്ഥാന ലഹരിമരുന്ന് കടത്ത് സംഘത്തലവനും പൊലീസിന്റെ പിടിയിലായി.
തൃപ്പൂണിത്തുറയില്‍ നിന്നും മറൈന്‍ ഡ്രൈവില്‍ നിന്നുമാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്. തൃപ്പൂണിത്തുറയില്‍ അഞ്ചുകിലോ കഞ്ചാവും രാജ്യാന്തര വിപണിയില്‍ കിലോഗ്രാമിന് ഒരുകോടി രൂപ വിലയുള്ള 250 ഗ്രാം ഹാഷിഷും പിടിച്ചെടുത്തു. ലഹരിമരുന്ന് കടത്ത് സംഘത്തിന്റെ തലവനായ ഇടുക്കി സ്വദേശി ബാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രയില്‍ നിന്ന് കഞ്ചാവ് ട്രെയിനില്‍ കേരളത്തിലെത്തിച്ച് ചില്ലറ വ്യാപാരികള്‍ക്ക് കൈമാറുകയാണ് ഇയാളുടെ രീതി. ചില്ലറ വ്യാപാരികളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരുമാസമായി പ്രതിയുടെ നീക്കങ്ങള്‍ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ആന്ധ്രയില്‍ താമസിക്കുന്ന മൂത്ത സഹോദരനാണ് കേരളത്തിലേക്ക് കഞ്ചാവ് കടത്തിവിടുന്നതെന്ന് പൊലീസ് പറയുന്നു.
മറൈന്‍ ഡ്രൈവില്‍ പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്നുകിലോ കഞ്ചാവുമായി തേനി സ്വദേശി അജിത് കുമാര്‍ അറസ്റ്റിലായത്. വില്പനയ്ക്കായി ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.