തൃശൂര്‍ എക്സൈസ് എട്ടു മാസത്തിനിടെ പിടികൂടിയത് നാല്പത്തിയഞ്ചു കിലോ കഞ്ചാവ്. ഇതു ഉപയോഗിച്ചവരില്‍ അന്‍പതു പേര് സ്കൂള്‍ , കോളജ് വിദ്യാര്‍ഥികളും. മക്കളുടെ സ്കൂള്‍ ബാഗ് ഇടയ്ക്ക് പരിശോധിക്കണമെന്നാണ് എക്ൈസസ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്.
എട്ടു മാസത്തിനിടെ ലഹരിമരുന്നു കേസുകളുടെ എണ്ണം 380. പിടിക്കപ്പെട്ട പ്രതികളാകട്ടെ 366ഉം. ഈ പ്രതികളെ കൂടാതെ അന്‍പതു വിദ്യാര്‍ഥികളെ കഞ്ചാവ് ഉപയോഗിച്ചതിന് പിടിച്ചു. പക്ഷേ, ഇവര്‍ക്കെതിരെ കേസെടുക്കാതെ കൗണ്‍സിലിങ്ങും ചികില്‍സയും നല്കി വിട്ടു. ആന്ധ്ര, ഒഡീഷ മേഖലകളില്‍ നിന്ന് വരുന്ന കഞ്ചാവ് പഴനിയിലും സേലത്തും ആദ്യം എത്തിക്കും. പിന്നെ, കേരളത്തിലേക്ക് വിതരണം ചെയ്യുന്നതാകട്ടെ തൃശൂരില്‍ നിന്നും. തെക്കോട്ടും വടക്കോട്ടും യാത്ര ചെയ്യാനുള്ള സൗകര്യം കണക്കിലെടുത്താണ് കഞ്ചാവ് കടത്തു സംഘങ്ങള്‍ തൃശൂരിനെ ഇടത്താവളമാക്കുന്നത്. കഞ്ചാവു മാത്രമല്ല, 396 ഗ്രാം ഹഷിഷ് ഓയിലും എക്സൈസ് പിടികൂടി. കഞ്ചാവ് കടത്തിയതിന് പിടിച്ചെടുത്ത വണ്ടികളുടെ എണ്ണം 33.
നാവില്‍ വയ്ക്കുന്ന എല്‍.എസ്.ഡി. ലഹരി സ്റ്റാംപ്, എം.ഡി.എം.എ. തുടങ്ങി ന്യൂജന്‍ ലഹരിക്കൂട്ടുകളും സുലഭം. അറുപതിലേറെ ലഹരിമരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് തൃശൂര്‍ എക്സൈസ് റെക്കോര്‍ഡിട്ട മാസം കൂടിയാണിത്. വിദ്യാര്‍ഥികളെ ലഹരിമരുന്ന് ഉപയോഗത്തില്‍ നിന്ന് രക്ഷിക്കാന്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.