അതിരപ്പിള്ളി വനമേഖലയിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ലഹരിമരുന്നുകള്‍ ശേഖരിച്ചതായി എക്സൈസും വനംവകുപ്പും കണ്ടെത്തി. കഞ്ചാവും ചരസും ബെന്‍സീന്‍ അടങ്ങിയ ലഹരിമരുന്നും കണ്ടെടുത്തു.
തൃശൂര്‍ നഗരത്തിലെ ഷോപ്പിങ് മാളുകളില്‍ കറങ്ങി നടക്കുന്ന ന്യൂജനറേഷന് കുട്ടികളെ ലഹരിമാഫിയ ഉന്നമിടുന്നതായി എക്സൈസ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. ഇത്തരം കുട്ടികളെ ആഡംബര കാറില്‍ കയറ്റി അതിരപ്പിള്ളി, വാഴച്ചാല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കൊണ്ടുവരുന്ന സംഘമുണ്ടെന്നായിരുന്നു വിവരം. ഈ സംഘത്തെ കണ്ടെത്താന്‍ എക്സൈസും വനംവകുപ്പും സംയുക്തമായി വനമേഖലയില്‍ റെയ്ഡ് നടത്തി. ഇങ്ങനെ നടത്തിയ, പരിശോധനയിലാണ് പാറക്കൂട്ടത്തിനടിയില്‍ ഒളിപ്പിച്ച ബാഗ് കണ്ടെത്തിയത്. ചരസും വലിക്കാനുള്ള പ്രത്യേക പൈപ്പും കണ്ടെടുത്തു. വിഷാംശമുള്ള ലഹരിയായ ബെന്‍സീന്‍ മുക്കിയ പ്ലാസ്റ്റിക് ഷീറ്റും ബാഗില്‍ നിന്ന് കിട്ടി. ഇതിനു പുറമെ, പ്ലാസ്റ്റിക് കവറിനുള്ളില്‍ കഞ്ചാവും.
ബാഗിന്റെ ഉടമയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ് എക്സൈസും വനംവകുപ്പും.