തൃശൂരിലെ വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടു പൊലീസുകാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്. പാവറട്ടി സ്റ്റേഷനിലെ പൊലീസുകാരായ ശ്രീജിത്ത്, സാജന് എന്നിവര്‍ക്കെതിരെയാണ് കേസ്. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന് ജീവനൊടുക്കിയ കേസിലാണ് പൊലീസുകാരെ പ്രതികളാക്കി വാടനപ്പിള്ളി പൊലീസ് കേസെടുത്തത്. എസ്.സി, എസ്.ടി ആക്ട് പ്രകാരം കേസെടുത്തതിനാല്‍ പൊലീസുകാര്‍ക്കു ജാമ്യം കിട്ടില്ല. കൈ കൊണ്ട് ദേഹോപദ്രവം ഏല്പിച്ചെന്ന വകുപ്പും ചുമത്തി.
ആരോപണ വിധേയരായ പൊലീസുകാര്‍ സസ്പെന്‍ഷനിലാണ്. എന്നാല്‍ , പൊലീസുകാരെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. കാരണം, പിന്നാക്ക വിഭാഗക്കാരനാണെന്ന് മുന്‍കൂട്ടി അറിവുണ്ടെങ്കില്‍ മാത്രമേ ഈ വകുപ്പ് നിലനില്‍ക്കൂവെന്നാണ് പൊലീസ് പറയുന്നു. അതുക്കൊണ്ടുതന്നെ, പൊലീസുകാര്‍ക്കെതിരെ എസ്.സി, എസ്.ടി. ആക്ട് പ്രകാരമുള്ള കേസ് നിലനില്‍ക്കില്ലെന്നാണ് നിയോപദേശം. കൈകൊണ്ട് ദേഹോപദ്രവം ഏല്പിച്ചതിന് ചുമത്തിയ വകുപ്പു പ്രകാരം പൊലീസുകാര്‍ക്കു ജാമ്യം കിട്ടും. നിലവില്‍ , കേസ് ക്രൈംബ്രാഞ്ചിന് വിട്ടതിനാല്‍ ലോക്കല്‍ പൊലീസ് തുടര്‍നടപടി ഒഴിവാക്കി.
എഫ്.ഐ.ആറും മറ്റു മൊഴികളും ക്രൈംബ്രാഞ്ചിന് ഉടന്‍ കൈമാറും. സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെ വിനായകനേയും സുഹൃത്ത് ശരത്തിനേയും പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്നാണ് ആരോപണം. പൊലീസിന്റെ പീഡനത്തില്‍ മനംനൊന്ത്, വിനായകന് തൂങ്ങിമരിച്ചന്നാണ് ബന്ധുക്കളുടെ പരാതി.