എറണാകുളം വടക്കന്‍ പറവൂരില്‍ ചീട്ടുകളി സംഘത്തെ പിടിക്കാനെത്തിയ പൊലീസ് സംഘത്തെ ഭയന്നോടിയ ആള് പുഴയില്‍ വീണ് മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് മരിച്ചയാളുടെ കുടുംബം. പൊലീസുകാരുടെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് വരാപ്പുഴ സ്വദേശി മുകുന്ദന് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഈ ആവശ്യം ഉന്നയിച്ച് കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി.
കഴിഞ്ഞ ദിവസം വൈകിട്ടാണ് വടക്കന്‍ പറവൂരില്‍ തത്തപ്പിളളിയില് ചീട്ടുകളി സംഘത്തെ പിടികൂടാനെത്തിയ ഷാഡോ പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ വരാപ്പുഴ ചിറയ്ക്കകം സ്വദേശി മുകുനന്ദനെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചീട്ടുകളി നടന്നിരുന്ന വീട്ടില്‍ ഒരു സുഹൃത്തിനെ കാണാനെത്തിയ മുകുന്ദനെ ചീട്ടുകളി സംഘത്തിലുളളയാള്‍ എന്ന് തെറ്റിദ്ധരിച്ച് പൊലീസ് മര്‍ദ്ദിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. മുകുന്ദന്റെ മൃതശരീരത്തില്‍ കാണപ്പെട്ട മുറിവുകളും ചതവുകളും പൊലീസ് മര്‍ദ്ദനത്തിന് തെളിവായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മുകുന്ദന് പുഴയില്‍ ചാടിയതാകാമെന്നും ബന്ധുക്കള്‍ പറയുന്നു. പുഴയില്‍ ചാടിയ ആളെ രക്ഷിക്കാന്‍ ശ്രമിക്കാതെ പൊലീസ് സ്ഥലംവിട്ടെന്ും പരാതിയുണ്ട്.