കൃത്യം ഒരാഴ്ചമുമ്പ് വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ രണ്ട് കണക്കുകള്‍ പുറത്തുവന്നു. ഒന്ന് മുന്‍കാലത്തേതില്‍നിന്ന് വ്യത്യസ്തമായി ബിജെപിക്ക് തനിച്ച് കേവലഭൂരിപക്ഷമില്ല. രണ്ട് കേരളത്തിലെ ഇരുപത് 18 യുഡിഎഫ്, ഒരു എല്‍ഡിഎഫ്, ഒരു ബിജെപി എന്ന നിലയില്‍ വിഭജിക്കപ്പെട്ടു. തൃശൂരിലെ ഷോക്കിനൊപ്പം വ്യക്തമായ ഒന്ന് സംസ്ഥാന സര്‍ക്കാരിനെതിരായ ജനവിധിയെന്നാണ് പൊതുവേ വിലയിരുത്തപ്പെട്ടത്. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് പലരും രംഗത്തുവരുന്നു. മുഖ്യമന്ത്രിയുടെ വിവരദോഷി പ്രയോഗം വരുന്നു. സിപിഐ കമ്മിറ്റികളില്‍ രൂക്ഷവിമര്‍ശനം വരുന്നു. അങ്ങനെ പലതുമുണ്ടായി.
മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി കിട്ടുന്ന രണ്ട് സീറ്റില്‍ ഒന്നുപോലും വേണ്ടെന്നുവച്ച് രണ്ടും ഘടകകക്ഷികള്‍ക്കായി സിപിഎം വിട്ടുനല്‍കുന്നു. കേരളത്തിലെ തോല്‍വി പ്രത്യേകമായി പഠിക്കണമെന്ന് സിപിഎം പിബി പറയുന്നു. എന്നാലിന്ന് ഇലക്ഷന്‍ ഫലത്തെയും രാജി ആവശ്യം അടക്കമുള്ളവയെയും നോക്കി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതാണ് നമ്മളാദ്യം േകട്ടത്. കേരളത്തിലുണ്ടായത് ഇടതുപക്ഷത്തിനെതിരായ വോട്ടല്ല. നരേന്ദ്രമോദിയെ മാറ്റാന്‍ കോണ്‍ഗ്രസിനാണ് ആവുക എന്ന വിലയിരുത്തലില്‍ ഉണ്ടായതാണ് യുഡിഎഫിന്റെ പതിനെട്ട് സീറ്റ്. 2004ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിപദം രാജിവച്ചത് സീറ്റ് കുറഞ്ഞതുകൊണ്ടല്ല, കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നമായിരുന്നു കാരണം. അതുവച്ച് തന്റെ രാജി ചോദിക്കാന്‍ വരേണ്ടാ എന്നും പിണറായി വിജയന്‍ നിയമസഭയില്‍. അപ്പോള്‍ കല്യാശേരിയിലും മട്ടന്നൂരിലും ധര്‍മടത്തുമെല്ലാം വോട്ട് കുറഞ്ഞതോയെന്ന് പ്രതിപക്ഷനേതാവ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു, പഠിക്കുമെന്നും തിരുത്തുമെന്നുമുള്ള പാര്‍ട്ടി ലൈനിലുള്ളതോ പിണറായി നയം?