കേന്ദ്രസർക്കാരിന്റേത് കുറ്റസമ്മതമോ, നിസഹായതയോ?

ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത  ഭാരത് ബന്ദ് പ്രതിപക്ഷ ഐക്യനിരയുടെ ശക്തിപ്രകടനമായി.  ഡല്‍ഹിയില്‍ ഇരുപത്തിയൊന്ന് എന്‍ഡിഎ ഇതര കക്ഷികള്‍ കോണ്‍ഗ്രസിന്റെ ധര്‍ണയില്‍ അണിനിരന്നു. ഇടതു പാര്‍ട്ടികള്‍ സ്വന്തംനിലയില്‍

പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യത്തെ കൊള്ളയടിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ജനം വിധിയെഴുതുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി . ഇന്ധനവില സര്‍ക്കാരിന്റെ കൈയില്‍ നില്‍ക്കുന്നതല്ലെന്ന് കേന്ദ്രം.  കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കേന്ദ്രസ‌ര്‍ക്കാരിന് കാര്യങ്ങള്‍ നിയന്ത്രിക്കാനാകാത്ത അവസ്ഥയിലെന്നത് കുറ്റസമ്മതമോ, നിസഹായതയോ?

വാർത്ത ഇങ്ങനെ

പ്രതിഷേധം തുടരുന്നതിനിടെ ഇന്ധനവിലക്കയറ്റം തങ്ങളുടെ കയ്യിലല്ലെന്ന വാദവുമായി ബിജെപി.   ഇന്ധനവില സര്‍ക്കാരിന്റെ കൈയില്‍ നില്‍ക്കുന്നതല്ല.  എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് പറയുന്നില്ല. ഇപ്പോഴത്തെ ഈ ബുദ്ധിമുട്ടിന്‍റെ പേരില്‍ പ്രതിഷേധത്തെ ഇന്ത്യയിലെ ജനങ്ങള്‍ പിന്തുണക്കുമെന്ന് ബിജെപി കരുതുന്നില്ല– മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 

രാജ്യാന്തരവിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ കൊണ്ടുണ്ടാകുന്ന പ്രശ്നമാണ്. പെട്രോളിന്റേയും ഡീസലിന്റേയും ലഭ്യതക്കുറവും വിലക്കയറ്റം രൂക്ഷമാക്കി. ഇത് താല്‍ക്കാലികപ്രതിഭാസം മാത്രമാണെന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.  

രാജ്യമാകെ രോഷം ആളിപ്പടരവെ, ഇന്ധനവിലയില്‍ ഇളവ് പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടുരൂപയാണ് സംസ്ഥാനത്ത് കുറച്ചത്. നികുതിയില്‍ വരുത്തിയ ഇളവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവാണ് ഇളവ് പ്രഖ്യാപിച്ചത്.

ഇതിനിടെ ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത  ഭാരത് ബന്ദ് പ്രതിപക്ഷ ഐക്യനിരയുടെ ശക്തിപ്രകടനമായി.  ഡല്‍ഹിയില്‍ ഇരുപത്തിയൊന്ന് എന്‍ഡിഎ ഇതര കക്ഷികള്‍ കോണ്‍ഗ്രസിന്റെ ധര്‍ണയില്‍ അണിനിരന്നു. എന്നാല്‍ ഇടതു പാര്‍ട്ടികള്‍ സ്വന്തംനിലയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്തെ കൊള്ളയടിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ജനം വിധിയെഴുതുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. 

രാവിലെ ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. തുടര്‍ന്ന് സമരഭൂമിയായ രാംലീല മൈതാനത്തിനു സമീപത്തെ പെട്രോള്‍ പമ്പിലേക്ക് മാര്‍ച്ച് നടത്തി. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ക്ക് പുറമേ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ലോക്താന്ത്രിക് ജനാതാദള്‍ അധ്യക്ഷന്‍ ശരത് യാദവ് എന്നിവരടക്കം പ്രമുഖ പ്രതിപക്ഷകക്ഷികളുടെ നേതാക്കള്‍ സമരത്തിനെത്തി. പതിവില്‍നിന്ന് വിപരീതമായി ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസിന്റെ സമരത്തില്‍ അണിനിരന്നു. രൂപയുടെ മൂല്യം മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഇടയുമ്പോഴും പ്രധാനമന്ത്രി മൗനം തുടരുകയാണെന്നും അദേഹം കുറ്റപ്പെടുത്തി.  

ഡല്‍ഹി ജന്തര്‍മന്തിറിലായിരുന്നു ഇടതുപാര്‍ട്ടികളുടെ സംയുക്തപ്രതിഷേധം. രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതികൊടുത്ത നരേന്ദ്രമോദിക്കെതിരെ ശക്തമായ ജനവികാരം ഉണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്രതിഷേധത്തിനിടെ ഇടതുനേതാക്കളെ പൊലീസ് അറസ്റ്റുചെയ്തുമാറ്റി. പ്രതിപക്ഷനിരയിലെ ഭിന്നതകളെ മാറ്റിനിര്‍ത്തി മോദിസര്‍ക്കാരിനെതിരെ ബിജെപി വിരുദ്ധരെ അണിനിരത്താനായി എന്നത് സമരത്തിലൂടെ കോണ്‍ഗ്രസിന്റെ നേട്ടമായി.