എവിടെയാണ് പാളിച്ച? പുനരധിവാസത്തിലെ പാളിച്ചകള്‍ക്ക് ഉത്തരംവേണം

കഴിഞ്ഞ പതിനഞ്ചിന് വെള്ളംകയറി പതിനേഴിനുതന്നെ വെള്ളമിറങ്ങിയ റാന്നി. അതുംകഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോഴുള്ള സങ്കടം. കിട്ടിയ ജീവനല്ലാതെ ഒന്നും ബാക്കിയില്ല. ഒന്നും എന്നുപറഞ്ഞാല്‍ ഒന്നും. പതിനായിരം രൂപ അടിയന്തര സഹായംപോലും കിട്ടാത്തവര്‍. സഹായവിതരണത്തെക്കുറിച്ചുള്ള ഈ പരാതി റാന്നിയില്‍ ഒതുങ്ങുന്നതല്ല. അത് കുട്ടനാട്ടിലും ചെങ്ങന്നൂരിലും എല്ലാമുണ്ട്. അതിലേക്കാണ് കുട്ടനാട്ടിലെ സ്ഥിതിയെക്കുറിച്ച് രണ്ട് മന്ത്രിമാര്‍ക്കുതന്നെ രണ്ടഭിപ്രായം.

നാളിത്രയായും വെള്ളമിറങ്ങാത്തതിന്റെ പേരില്‍. വെള്ളം വറ്റിക്കാന്‍ ചുമതലപ്പെട്ടവര്‍ സംഘംചേര്‍ന്ന് വിലപേശിയെന്നും അവര്‍ക്ക് മുന്‍കൂര്‍ പണംകൊടുത്തത് തെറ്റെന്നും ധനമന്ത്രിയെ ഇരുത്തി മന്ത്രി ജി.സുധാകരന്റെ പൊട്ടിത്തെറിക്കല്‍. അപ്പോള്‍ എവിടെയാണ് പാളിച്ച? ഒരുമന്ത്രിയെപ്പോലും കാര്യം ബോധ്യപ്പെടുത്താന്‍ പറ്റാത്ത പാളിച്ചയോ പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍?