കൂടുതല്‍ തുല്യനോ ബിഷപ് ?

തന്നെ ഭീഷണിപ്പെടുത്തി മാനഭംഗം ചെയ്തുവെന്ന് കാണിച്ച് കേരളത്തിലെ ഒരു സ്ത്രീ രേഖാമൂലം പരാതി നല്‍കിയിട്ട് മാസം ഒന്നു പിന്നിട്ടു. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടെന്ന് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ കുറ്റാരോപിതന് അടുത്തേക്ക്  കേരളപൊലീസ്  ഇനിയുമെത്തിയിട്ടില്ല.  ബിഷപ്പിന്‍റെ സുഹൃത്തുക്കള്‍ നേരിട്ട് സാക്ഷികളെ സമ്പത്തും പദവിയും വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും സ്വാധീനിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കുറ്റാരോപിതനായ വ്യക്തി എത്ര ഉന്നതനായാലും കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നാണ് പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. കേരളത്തിലെ സൂപ്പര്‍ സ്റ്റാറിനെ അറസ്റ്റ് ചെയ്ത് ജയിലടച്ചു എന്ന് ആവര്‍ത്തിച്ച്  വീമ്പു പറയുന്നവര്‍ പക്ഷേ കത്തോലിക്ക സഭയിലെ പ്രമുഖനെതിരെ ചെറുവിരലനക്കാന്‍ മടിക്കുന്നു.  ബലാല്‍സംഘ പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ നടപടി വൈകുന്നതെന്ത് ? ദിലീപിനില്ലാത്ത എന്ത്  നിയമപരിരക്ഷയാണ് ഫ്രാങ്കോ മുളയ്ക്കലിനുള്ളത് ?