മദ്യപാനം നിയമവിരുദ്ധമല്ലല്ലോ, പിന്നെന്താ പ്രശ്നം? പല കുടിയൻമാരും ചോദിക്കാറുണ്ട്. “മദ്യപാനം ആരോഗ്യത്തിന് ഹാനികരം” എന്ന ബോര്‍ഡ് എഴുതിവച്ചു എന്ന ലേബൽ കാണിച്ചാലോ, പിന്നെന്തിനാ സർക്കാർ വിൽക്കുന്നത് വാങ്ങാനും ആളു വേണ്ടേയെന്ന് ഇവർ ആശങ്കപ്പെടുന്നു. മദ്യപിക്കുന്നവരെല്ലാം പക്ഷേ മദ്യത്തിന് അടിമപ്പെട്ടവരല്ല. പിന്നെ എപ്പോഴാണ് 'കുടി' നിങ്ങളെ കീഴടക്കുന്നത്?
നിങ്ങള്‍ മദ്യത്തിന് അടിമയാണോ?
മദ്യപാനികളുടെ മാനസിക നിലയെ അടിസ്ഥാനമാക്കി മോർടോൺ ജെല്ലനിക് എന്ന ആൽക്കഹോളിക് റിസേർച്ചർ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, എപ്സിലോൺ എന്നിങ്ങനെ മദ്യപാനത്തെ തരംതിരിച്ചിരിക്കുന്നു. ആൽഫാ വിഭാഗത്തിലുള്ളവർ വളരെയധികം മദ്യം കഴിക്കുന്നു. എങ്കിലും നിയന്ത്രണം വിട്ടുപോകില്ല. വേണമെങ്കിൽ മദ്യപാനം നിർത്താനും ഇവർക്കു സാധിക്കും. പക്ഷേ എന്തെങ്കിലും പ്രശ്നമുണ്ടാവുമ്പോൾ കുപ്പിക്കുവേണ്ടി അന്വേഷണം തുടങ്ങുന്നു.
ബീറ്റ സ്റ്റേജിലുള്ളവർ ദിവസവും മദ്യപിക്കും പക്ഷേ ഇവരെ അത് ബാധിക്കാറില്ല, നിയന്ത്രണവും നഷ്ടമാവില്ല, മദ്യപാനം നിർത്തിയാലും ഇവർക്ക് വേറെ പ്രശ്നമൊന്നും ഉണ്ടാവില്ല. ഗാമ സ്റ്റേജ്– ഈ ഘട്ടത്തിൽ മദ്യപാനം ഒരു രോഗമായി മാറുന്നു. നിയന്ത്രണങ്ങൾ നഷ്ടമാവുന്നു. മദ്യപാനം നിർത്താന്‍ സാധിക്കാത്തവരെയാണ് ഡെൽറ്റാ വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്. എപ്സിലോൺ വിഭാഗത്തിൽപ്പെടുന്ന അതിമദ്യപാനികൾ ഒരിക്കൽ മദ്യപാനം ആരംഭിച്ചാൽ പിന്നെ വളരെ ദിവസങ്ങളോളം അമിതമായി മദ്യപിക്കും.