ആ കണ്ണേറ് മുറിവേൽപ്പിച്ചോ ?

9mani-14-02-t
SHARE

ഇന്ന് പ്രണയദിനമാണ്. പ്രണയം ആഘോഷിക്കുന്നതിന് എതിരേ മുന്‍കാലങ്ങളില്‍ ശിവസേനയും വിശ്വഹിന്ദു പരിഷത്തും അടക്കമുള്ള ഹിന്ദു സംഘടനകള്‍ ഉയര്‍ത്തിയ ഭീഷണികള്‍ ഇല്ലായിരുന്നു ഇത്തവണ.  പക്ഷേ പ്രണയവും അതിന്റെ ചിത്രീകരണവും കണ്ട് വികാരം വ്രണപ്പെടുന്ന മതശരീരങ്ങള്‍ വേറെയുണ്ട്. ഒരു അഡാറ് ലവ് എന്ന പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിന് എതിരേ ഹൈദരാബാദില്‍ നിന്ന് ഒരു സംഘം യുവാക്കള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത് ഇന്ന് പ്രണയദിനത്തില്‍.  ഇന്റര്‍നെറ്റില്‍ ഒരു കോടിയിലേറെപ്പേര്‍ കാണുകയും ആസ്വദിക്കുകയും ചെയ്ത ഗാനവും ദൃശ്യവും തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയില്‍ സിനിമയുടെ സംവിധായകന്‍ ഒമറിനെതിരേ ഹൈദരാബാദ് പൊലീസ് കേസെടുത്തിരിക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയേയും ഭാര്യ ഖദീജ ബീവിയേയും അവഹേളിക്കുന്നതാണ് ഗാനചിത്രീകരണം എന്നാണ് പരാതി. ഇതിനകം പ്രേക്ഷകര്‍ക്കെല്ലാം സുപരിചിതമായ ഈ ഗാനത്തില്‍ നബിയെ അവഹേളിക്കുന്നു എന്നുപറയുന്നവരുടെ തല പരിശോധിക്കുകയേ മാര്‍ഗമുള്ളൂ. അവര്‍ക്ക് പ്രണയമെന്തെന്നറിയില്ല, കലയെന്തെന്നറിയില്ല, മതമെന്തെന്ന് അറിയില്ല. വിവരക്കേട് കൊണ്ട് പ്രവാചകനെ അവഹേളിക്കുന്നവര്‍ക്ക് നല്ല നമസ്കാരം.

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– പ്രവാചകന്റെ ചരിത്രം ഖദീജ ബീവിക്ക് അദ്ദേഹത്തോട് തോന്നിയ പ്രണയം മറച്ചുവച്ചിട്ടില്ല.  ഈ ഗാനം ആ പ്രണയഭാവത്തിന്റെ സുന്ദരമായ ആവിഷ്കാരമാണ്. കണ്ണിറുക്കുന്ന ആ പെണ്‍കുട്ടി കലയ്ക്ക് മാത്രം സംഭാവന ചെയ്യാന്‍ കഴിയുന്ന സൗന്ദര്യമാണ്. ആ സൗന്ദര്യത്തെ കുടിലമായ മതമൗലികത കൊണ്ട് നിഷേധിക്കാന്‍ ശ്രമിക്കുന്നവര്‍ ദയവുചെയ്ത് പ്രവാചകനെ അതിനു കൂട്ടുപിടിക്കരുത്. പ്രവാചകന്‍ പ്രണയത്തേയും സൗന്ദര്യത്തേയും നിഷേധിക്കുന്നില്ല. അതുകൊണ്ടുതന്നെ കണ്ണിറുക്കലും. 

MORE IN 9MANI CHARCHA
SHOW MORE