കണ്ണൂർ കലങ്ങണമെന്ന് ആർക്കാണ് ശാഠ്യം ?

9mani-13-02-t
SHARE

മുഖ്യമന്ത്രിയുടെ ജില്ലയില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടി ചോരചിന്തി മരിച്ചു വീണിരിക്കുന്നു. രാഷ്ട്രീയ കാപാലികര്‍ ഒരു യുവചേതന കൂടി വെട്ടിനുറുക്കിയിരിക്കുന്നു. 57 വെട്ട് വേണ്ടിവന്നില്ല, 37–ല്‍ അവസാനിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി ശുഹൈബിനെയാണ് ഇന്നലെ രാത്രി ബോംബെറിഞ്ഞ് ഭീഷണിപ്പെടുത്തി ഒരു സംഘം വെട്ടിക്കൊന്നത്. കണ്ണൂരിലെ പതിവു രാഷ്ട്രീയപ്പകയില്‍ നിന്ന് പിറന്നുവീണ മറ്റൊരു അന്ധമായ കൊലപാതകം എന്ന് വിശേഷിപ്പിക്കാനാകില്ല ഇതിനെ. കാരണം ഇന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി വികാരഭരിതനായി പറഞ്ഞതുപോലെ സമാധാനത്തിന്റെ പാത കൈവിടാത്ത, ആയുധങ്ങള്‍ സംഭരിക്കാത്ത പാര്‍ട്ടിയാണ് കണ്ണൂരില്‍ ഇന്ന് കോണ്‍ഗ്രസ്. ആ പാര്‍ട്ടിയുടെ യുവപ്രവര്‍ത്തകനെയാണ് അക്രമരാഷ്ട്രീയം സംസ്കാരമാക്കി മാറ്റിയവര്‍ ഇല്ലാതാക്കിയത്. ഇത് നികൃഷ്ടതയുടെ അങ്ങേയറ്റമാണ്. സംഭവവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന ലോക്കല്‍ കമ്മിറ്റിയുടെ വാദം ആവര്‍ത്തിച്ച സി.പി.എം ജില്ലാസെക്രട്ടറി പി.ജയരാജന്‍ പക്ഷേ, പാര്‍ട്ടി തന്നെ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചത് പ്രത്യേകം ശ്രദ്ധിക്കണം. നല്ലത്. അത്രയെങ്കിലും സത്യസന്ധത സി.പി.എമ്മില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നുണ്ട്. 

ഈ വിഷയത്തില്‍ 9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– ശുഹൈബിന്റെ കൊലപാതകം അതിനിഷ്ഠുരമായ രാഷ്ട്രീയ പകപോക്കലാണ്. 

സമാധാനത്തിന്റെ നെഞ്ചില്‍ തറയ്ക്കുന്ന കൊടുവാളാണത്.  നിയമപരമായല്ലെങ്കിലും രാഷ്ട്രീയമായി പ്രതിസ്ഥാനത്ത് സി.പി.എം നില്‍ക്കുന്നു. നിയമംകൊണ്ട് കൂടി തെളിഞ്ഞാല്‍ ആ പാര്‍ട്ടിയെക്കുറിച്ച് ഇന്നാട്ടിലെ സമാധാനവിശ്വാസികള്‍ക്കുള്ള അവസാനത്തെ അനുഭാവവും ഇല്ലാതാക്കുന്ന കിരാതകൃത്യം.

MORE IN 9MANI CHARCHA
SHOW MORE