അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ച കാര്യം ഓട്ടിസം ബാധിച്ച കുട്ടി ബുക്കിൽ വരച്ചിട്ടതിന്‍റെ തുമ്പ് പിടിച്ച് എല്ലാ വിവരങ്ങളും പുറത്തുവന്ന കേസില്‍ പ്രതിക്ക് 161 വർഷം കഠിനതടവ്. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് പൗഡിക്കോണം സ്വദേശി സന്തോഷ് കുമാറിന് (56) വിവിധ വകുപ്പുകള്‍ പ്രകാരം 161 വർഷം കഠിനതടവും 87000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
2019 ജൂലായിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഓട്ടിസം ചികിത്സകൾക്കായാണ് കണ്ണൂർ സ്വദേശിയും മൂന്നാം ക്ലാസുകാരനുമായ കുട്ടി തിരുവനന്തപുരത്ത് താമസിച്ചത്. തിരുവനന്തപുരത്തെ സ്കൂളിലെ അദ്ധ്യാപകനാണ് കുട്ടിയുടെ വൈകല്യം മുതലെടുത്ത് ലൈംഗികാതിക്രമം നടത്തിയത്. സ്കൂളിലെ ശുചിമുറിയില്‍ വച്ചാണ് അധ്യാപകന്‍ കുട്ടിയെ പലവട്ടം പീഡിപ്പിച്ചത്.
ആദ്യഘട്ടത്തിലെ ചികിത്സയിൽ അസുഖത്തിന് നല്ല മാറ്റം കണ്ടു വന്നിരുന്ന കുട്ടി, പെട്ടെന്ന് ബഹളംവച്ച് തുടങ്ങിയപ്പോഴാണ് കുട്ടിയുടെ അമ്മ ഇത് ശ്രദ്ധിച്ചത്. കുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുകള്‍ കണ്ടതോടെയാണ് വീട്ടുകാര്‍ക്ക് സംശയമായത്. കുട്ടിക്ക് സംസാരിക്കാൻ പരിമിതി ഉള്ളതിനാല്‍ ഒന്നും ചോദിച്ചറിയാനോ പറയാനോ കഴിയാത്ത അവസ്ഥയിലായിരുന്നു.
എന്നാല്‍ തനിക്ക് കിട്ടുന്ന പല അനുഭവങ്ങളും ബുക്കിൽ എഴുതിയോ വരച്ചോ വയ്ക്കുന്ന ശീലം കുട്ടിക്ക് ഉണ്ടായിരുന്നതാണ് കേസില്‍ വഴിത്തിരിവായത്. അധ്യാപകനില്‍ നിന്ന് കുട്ടിക്കുണ്ടായ മോശം അനുഭവത്തെപ്പറ്റി കുട്ടി ബുക്കിൽ രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കുട്ടിയുടെ സ്‌പീച്ച് തെറാപ്പിസ്റ്റ് മുഖേനെയാണ് പീഡന വിവരം കണ്ടെത്തിയത്.
കുട്ടി പറയുന്ന കാര്യങ്ങൾ അവ്യക്തമായത് കൊണ്ട് മെന്റൽ ഹെൽത്ത് സെന്ററിലെ ഡോക്ടർ ഉൾപ്പെട്ട പാനൽ രൂപീകരിച്ചാണ് മൊഴി പൊലീസ് രേഖപ്പെടുത്തിയത്. പിഴ അടച്ചില്ലെങ്കിൽ എട്ടര വർഷം അധികശിക്ഷ അനുഭവിക്കണം. ഇരുപത് വർഷം ശിക്ഷയോടൊപ്പം മറ്റ് ശിക്ഷകൾ പ്രതി ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.