രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാന്റെ നീക്കം തന്നെ അധിക്ഷേപിക്കാനെന്ന് മൂന്നാം അതിജീവിത. തന്റെ ചാറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കാവുന്ന ഭാഗങ്ങള്‍ മാത്രമെടുത്ത് പുറത്തുവിടുകയാണ് ഫെനി ചെയ്തതെന്ന് അതിജീവിത ആരോപിക്കുന്നു. കാര്യങ്ങള്‍ സംസാരിച്ചു തീര്‍പ്പാക്കാനാണ് താന്‍ ശ്രമിച്ചതെന്നും രാഹുലുമായുള്ള ബന്ധത്തില്‍ ഗര്‍ഭമലസി ബുദ്ധിമുട്ടിലായ തന്നെ അധിക്ഷേപിക്കും വിധമായിരുന്നു രാഹുലിന്റേയും സുഹൃത്തുക്കളുടേയും നീക്കമെന്നും അതിജീവിത പറയുന്നു.
2024 ജൂലൈയിൽ ആണ് ഫെനിയെ പരിചയപ്പെടുന്നതെന്നും 2025 നവംബർ വരെ ഫെനിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും അതിജീവിത പറയുന്നു. 2024 മേയ് മാസത്തിൽ ആണ് രാഹുലുമായുള്ള ബന്ധത്തില്‍ ഗര്‍ഭിണിയായി മിസ്കാരേജ് സംഭവിച്ചത്. രാഹുല്‍ തന്ന സ്ട്രെസിന്റേയും ട്രോമയുടേയും ഫലമായാണ് അത് സംഭവിച്ചത്.
മാനസികമായും ശാരീരികമായും ആകെ തകർച്ച നേരിട്ട സമയം ആയിരുന്നു അത്, കുഞ്ഞിനെ നഷ്ടപ്പെടുന്നു,ജോലി നഷ്ട്ടപ്പെടുന്നു ,വലിയ പ്രതിസന്ധികളില്‍ കൂടി കടന്നുപോയി. അപ്പോഴാണ് ഫെനി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുന്നത്
ചൂരൽമല ഫണ്ടിങ്ങിൽ കൂപ്പൺ ചലഞ്ചിൽ പങ്കെടുക്കണം എന്ന് പറഞ്ഞു. രാഹുൽ ആണ് വിജയിയെ പ്രഖ്യാപിക്കുന്നതെന്നും സമ്മര്‍ദ്ദം ചെലുത്തി സമ്മാനം നേടി എടുക്കണം എന്നും പറഞ്ഞു.
രാഹുലിനെ കുറിച്ച് ഫെനി എപ്പോഴും സംസാരിക്കുമായിരുന്നു. അതോടെ കാര്യങ്ങൾ ഫെനിയോട് തുറന്നു പറഞ്ഞു. ആരോടും പറയരുത് എന്ന് ഫെനി തന്നോട് ആവശ്യപ്പെട്ടു. ആ സമയം തന്റെ കുഞ്ഞിന്റെ അച്ഛൻ എന്ന ബോണ്ട് രാഹുലിനോടുണ്ടായിരുന്നു. കോടികളുടെ ബാധ്യത രാഹുലിന് ഉണ്ട് എന്നൊക്കെ പറഞ്ഞു, ഒരു സമരസമയത്ത് ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ കാശില്ല എന്ന് പോലും പറഞ്ഞ് പണം വാങ്ങി .ഫെനിയോട് കാര്യങ്ങൾ പറഞ്ഞത് അറിഞ്ഞ രാഹുൽ തന്നെ പിന്നെയും അധിക്ഷേപിച്ചു . പാലക്കാട് ഇലക്ഷൻ സമയത്താണ് ഒരുമിച്ച് ജീവിക്കണം എന്ന് പറഞ്ഞ് രാഹുൽ വീണ്ടും വരുന്നത്. 2025 ഓഗസ്റ്റിൽ രാഹുലിനെതിരായ വാർത്തകൾ കണ്ടു. ഒരു വ്യക്തത വേണം എന്നാവശ്യപ്പെട്ടാണ് രാഹുലിനെ കാണാന്‍ തീരുമാനിച്ചത്.
അങ്ങനെ കണ്ടു സംസാരിക്കണമെന്ന് താനാവശ്യപ്പെട്ട കാര്യമാണ് ഇന്നലെ ഫെനി പുറത്തുവിട്ടത്. ചാറ്റില്‍ ഓഫീസില്‍വച്ച് കാണേണ്ടെന്ന് അതിജീവിത പറയുന്നുണ്ട്. ഫ്ലാറ്റില്‍ കാണാമെന്നും പറയുന്നുണ്ട്. എന്നാല്‍ ഒറ്റയ്ക്കായിരുന്നില്ല കൂടെ സുഹൃത്ത് ഉണ്ടായിരുന്നുവെന്നും അതിജീവിത. രാഹുലും മറ്റാരയെങ്കിലു കൂട്ടിവന്നോളൂവെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്നും അതിജീവിത. ഓഫീസ് വ്യക്തിപരമായ കാര്യങ്ങള്‍ പറയാന്‍ പറ്റിയ സ്ഥലമല്ലെന്ന് തോന്നിയതുകൊണ്ടാണ് ഫ്ലാറ്റില്‍വച്ച് കാണാമെന്നു പറഞ്ഞതെന്നും അതിജീവിത പറയുന്നു. സംസാരിക്കാനായിരുന്നു, അല്ലാതെ ശാരീരിക ബന്ധത്തിനല്ല അന്ന് കാണണമെന്ന് പറഞ്ഞതെന്നും അതിജീവിത പറയുന്നു.
രാഹുലിനെതിരായ മറ്റ് ലൈംഗിക ആരോപണങ്ങളെക്കുറിച്ചെല്ലാം കേള്‍ക്കുന്നത് ആ സമയത്താണ്. താനുമായി മാത്രമേ ബന്ധമുള്ളൂവെന്നാണ് കരുതിയിരുന്നതെന്നും അങ്ങനെയാണ് ഫെനിയടക്കം പറഞ്ഞതെന്നും അതിജീവിത. ഉയര്‍ന്നുവന്ന മറ്റ് ആരോപണങ്ങളെക്കുറിച്ചെല്ലാം ചോദിച്ചപ്പോള്‍ അതെല്ലാം വെറും രാഷ്ട്രീയാരോപണങ്ങളാണെന്നായിരുന്നു രാഹുലിന്റെ മറുപടിയെന്നും അതിജീവിത പറയുന്നു. ഇമോഷണലി മാനിപുലേറ്റ് ചെയ്യാന്‍ രാഹുല്‍ മിടുക്കനാണെന്നും അതിജീവിത പറയുന്നു.
രാഹുലിനോട് പറയാതെ വിഷയം സംസാരിക്കാനായി പാലക്കാട് ചെന്നപ്പോള്‍ രാവിലെ മുതല്‍ രാത്രിവരെ പലയിടത്തേക്കായി ഓടിച്ചു. സുഹൃത്തുക്കള്‍ മാത്രമാണ് തന്റെ ഫോണെടുത്തതെന്നും അതിജീവിത. തന്നെ മനപ്പൂര്‍വം ഒഴിവാക്കുകയാണെന്ന് ബോധ്യപ്പെട്ടെന്നും അതിജീവിത പറയുന്നു. വിശദമായി സംസാരിക്കാന്‍ പാലക്കാട്ടേക്ക് വരണമെന്ന് ആവശ്യപ്പെട്ടത് രാഹുലാണ്. പിന്നീട് കാണാന്‍ സമ്മതിച്ചില്ല. ഫെനിയെ വിളിക്കാന്‍ പറഞ്ഞു. പുറത്തുവന്നത് സംഭാഷണത്തിന്‍റെ ചെറിയ ഭാഗം മാത്രമാണെന്നും യുവതി പറയുന്നു.