നെടുമ്പാശേരി വിമാനത്താവളത്തിലെ ഹോട്ടല്‍ ജീവനക്കാരന്‍റെ മരണം കൊലപാതകം. അങ്കമാലി തുറവൂര്‍ സ്വദേശി ഐവന്‍ ജിജോയാണ് മരിച്ചത്. സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍റെ വാഹനമിടിച്ചാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്നത് രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരായിരുന്നു.
വാഹനം ഉരസിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അതിക്രൂരമായ കൊലപാതകത്തിലേയ്ക്ക് നയിച്ചത്. ഐവിനെ വാഹനം ഇടിപ്പിക്കുകയും ഗുരുതരപരുക്കേറ്റ് ബോണറ്റിന് മുകളിലേയ്ക്ക് വീണ ഇയാളെ ഒരു കിലോമീറ്ററോളം വലിച്ചുകൊണ്ടുപോവുകയും ചെയ്തു. പിന്നീട് നായത്തോടിനു സമീപം സഡൻ ബ്രേക്കിട്ട് താഴേക്കിടുകയുമായിരുന്നുവെന്ന് എഫ് ഐ ആറിൽ പറയുന്നു. ഐവിനെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറോടിച്ചിരുന്ന സിഐഎസ്എഫ് എസ്ഐ വിനയ് കുമാർ ദാസ്, ഒപ്പമുണ്ടായിരുന്ന കോൺസ്റ്റബിൾ മോഹൻകുമാർ എന്നിവരെ നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുശേഖരണം നടത്തി.
മകന്റെ അപ്രതീക്ഷിത വേർപാടിന്റെ ഉലച്ചിലിലാണ് ഐവിൻ ജിജോയുടെ മാതാപിതാക്കൾ. മകനെ കൊല്ലാതെ വിടാമായിരുന്നില്ലേ എന്ന് അച്ഛൻ ജിജോ ജെയിംസും, റോസ് മേരിയും നിറകണ്ണുകളോടെ ചോദിച്ചു. ആർക്കും ഉപദ്രവം ചെയ്യാത്ത ഞങ്ങളുടെ മകനെ എന്തിന് ഇങ്ങനെ ചെയ്തുവെന്നും വിതുമ്പലോടെ അവർ ചോദിച്ചു