മദ്യപിക്കുന്നതിനിടെ വെള്ളം നല്‍കാനുള്ള ആവശ്യം നിരസിച്ചതിന് ആറുവയസുകാരനായ മകനെ അച്ഛന്‍ അടിച്ചുകൊന്നു. ഹരിയാനയിലെ ഗുരുഗ്രാമില്‍ ഒരു കോളനിയിലാണ് ഞെട്ടിക്കുന്ന കുറ്റകൃത്യം നടന്നത്. സംഭവത്തില്‍ ബീഹാറിലെ മുസാഫർനഗർ ജില്ല സ്വദേശിയായ സുമൻ കുമാർ സിങ്ങിനെ ശക്തി നഗർ പ്രദേശത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
ഏതാനും ദിവസങ്ങള്‍ക്കുമുന്‍പാണ് ആറ് വയസുകാരനായ ഒരു കുട്ടിയെ ഗുരുതര പരുക്കുകളോടെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസിന് വിവരം ലഭിക്കുന്നത്. കുഞ്ഞിന്‍റെ നില വഷളായതിനെത്തുടര്‍ന്ന് പിജിഐഎംഎസ് റോഹ്തക്കിലേക്ക് റഫർ ചെയ്തു. പക്ഷേ ചികില്‍സയ്ക്കിടെ കുട്ടി മരിച്ചു. തുടര്‍ന്ന് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് സ്വന്തം അച്ഛന്‍ തന്നെ ചെയ്ത ക്രൂരത വെളിവായത്.
കൂലിത്തൊഴിലാളിയായ പ്രതി സംഭവം നടന്ന ദിവസം ജോലി ഇല്ലാത്തതിനാല്‍ വീട്ടിലേക്ക് തന്നെ മടങ്ങിയെത്തി മദ്യപിക്കാന്‍ തുടങ്ങി. അതിനിടെ വെള്ളം നല്‍കാന്‍ മകന്‍ സത്യമിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കുഞ്ഞ് വെള്ളം നല്‍കാതായതോടെ തല്ലിച്ചതച്ചു. അമ്മയോട് പരാതിപ്പെടുമെന്ന് കൂടി കുട്ടി പറഞ്ഞതോടെ കോപാകുലനായ അച്ഛന്‍ കുഞ്ഞിന്‍റെ തല പലതവണ ചുമരില്‍ ഇടിക്കുകയായിരുന്നുവെന്ന് ഗുരുഗ്രാം പൊലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.