കൊച്ചി നഗരത്തിൽ യുവാക്കളെ കൊള്ളയടിച്ച അക്രമി സംഘം എളമക്കര പൊലീസിന്‍റെ പിടിയില്‍. കറുകപ്പിള്ളി സ്വദേശികളായ ഇർഫാൻ, ഇർഷാദ്, ആദിത്യൻ എന്നിവരെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയുടെയും സുഹൃത്തിന്‍റെയും പണം, സ്വര്‍ണമാല, മൊബൈല്‍ ഫോണ്‍ എന്നിവയാണ് കവര്‍ന്നത്.
കറുകപ്പിള്ളിയിലെ ജ്യൂസുകടയിലെത്തിയ തിരുവനന്തപുരം സ്വദേശിയെയും സുഹൃത്തിനെയുമാണ് സംഘം കൊള്ളയടിച്ചത്. ബൈക്കില്‍ കാത്തു നിന്ന യുവാക്കളെ അക്രമിസംഘം സമീപിച്ച് അസഭ്യം വിളിച്ചു. തുടര്‍ന്ന് മൊബൈലും ബൈക്കിന്‍റെ താക്കോലും കൈവശപ്പെടുത്തി. ഇവിടെ നിന്ന് യുവാക്കളെ ഭീഷണിപ്പെടുത്തി ആദ്യം കലൂര്‍ സ്റ്റേഡിയം പരിസരത്ത് എത്തിച്ചു. ഇവിടെവെച്ച് കല്ലുകൊണ്ടും കൈകൊണ്ടും ക്രൂരമായി മര്‍ദിച്ചു. പിന്നീട് ഇടപ്പള്ളിയില്‍ മെട്രോസ്റ്റേഷന് പരിസരത്ത് എത്തിച്ച് മൊബൈലും മാലയും കൈക്കലാക്കി. രണ്ട് യുവാക്കളുടെ അക്കൗണ്ടിലുണ്ടായിരുന്ന 6400 രൂപയും തട്ടിയെടുത്തു.
ലഹരിക്കേസുകളിലടക്കം പ്രതിയാണ് കേസിലെ ഒന്നാം പ്രതി ഇര്‍ഷാദ്. ബൈക്ക് മോഷണം അടക്കം നാല് കേസുകളില്‍ പ്രതിയാണ് രണ്ടാംപ്രതി ഇര്‍ഫാന്‍. മര്‍ദനമേറ്റ യുവാക്കളും പ്രതികളും തമ്മിലുള്ള ബന്ധം സംബന്ധിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കാക്കനാട് താമസിക്കുന്ന പരാതിക്കാരായ യുവാക്കള്‍ കറുകപ്പിള്ളിയില്‍ എത്തിയതിലും ദുരൂഹതയുണ്ട്. ഇവരുടെ മുറികളിലും പൊലീസ് പരിശോധന നടത്തി.