nude-pics-insta

പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീലചിത്രമാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവിനെ കുടുക്കി പൊലീസ്​. കോട്ടയം ടി.വി പുരം നെടിയിടത്ത് വീട്ടിൽ അരുണി​നെയാണ് (35) ഹരിപ്പാട് പൊലീസ് വലയിലാക്കിയത്. ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം, ഷെയര്‍ ചാറ്റ് തുടങ്ങിയ സോഷ്യല്‍ മീഡിയ  പ്ലാറ്റ്ഫോമുകളില്‍ നിന്നാണ് ഇയാള്‍ പെൺകുട്ടികളുടെ ഫോട്ടോകൾ ഡൗണ്‍ലോഡ് ചെയ്തിരുന്നത്.

സോഷ്യല്‍ മീഡിയയില്‍ നിന്നും എടുത്ത പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ മോർഫ് ചെയ്ത് അശ്ലീല ചിത്രമാക്കി ഒരു വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇയാള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്.  സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലില്‍ നഗ്ന  ചിത്രം പ്രചരിക്കുമ്പോള്‍ മാത്രമാണ്  ഇരയായ പലരും ഇതേക്കുറിച്ച് അറിയുന്നത് പോലും.  ഇത്തരത്തില്‍ ഒട്ടേറെ പരാതികള്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ചിട്ടുണ്ട് 

ആലപ്പുഴ ജി​ല്ലാ പൊലീസ് മേധാവി​ മോഹനചന്ദ്രന്‍റെ  നിർദ്ദേശനുസരണം കായകുളം ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ ഹരിപ്പാട് സി​.ഐ മുഹമ്മദ്‌ ഷാഫി, എസ്.ഐമാരായ ഷൈജ, അനന്തു, എസ്.സി.പി.ഒ സുരേഷ്, സി.പി.ഒമാരായ നിഷാദ്, സജാദ്, പ്രദീപ്‌ ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലാണ് വൈക്കത്തു നിന്നും പ്രതി പിടിയിലായത്. ഇയാളുടെ ഫോണിൽ നിരവധി പെൺകുട്ടികളുടെ മോർഫ് ചെയ്ത ഫോട്ടോകൾ കണ്ടെത്തി.

ENGLISH SUMMARY:

Nude photo of girls morphed on Instagram; young man arrested