AI Image
വിമാനത്തിലെ ടോയ്‌ലറ്റില്‍ സിഗരറ്റ് വലിച്ച യാത്രക്കാരനെതിരെ കേസെടുത്ത് വലിയതുറ പൊലീസ്. ഇന്നലെ രാവിലെ ദമാമിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ 582-ാം നമ്പർ വിമാനത്തിലാണ് സംഭവം. വിമാനത്താവളം അധികൃതരുടെ പരാതിയിൽ, ആലപ്പുഴ സ്വദേശി മുഹമ്മദ് അലിക്കെതിരെയാണ് (54) പൊലീസ് കേസെടുത്തത്.
വിമാനത്തിലെ ടോയ്ലെറ്റിൽ നിന്ന് സിഗരറ്റിന്‍റെ പുക ഉയർന്നതോടെ വിമാനത്തിനുള്ളിലെ അലാറം അടിക്കുകയായിരുന്നു. ശബ്ദം കേട്ടതോടെ എയർഹോസ്റ്റസ് പാഞ്ഞെത്തി മുഹമ്മദ് അലിയെ കൈയ്യോടെ പിടികൂടുകയുമായിരുന്നു. എയർഹോസ്റ്റസ് പൈലറ്റിനോട് വിവരം പറഞ്ഞു.
വിമാനം നിലത്തിറങ്ങിയ ശേഷം, പൈലറ്റ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍, എയർ ഇന്ത്യ സീനിയർ സെക്യൂരിറ്റി ഓഫീസർ ഹമ്മദ് അലിയെ തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് പൊലീസ് ജാമ്യത്തിൽ ഇദ്ദേഹത്തെ വിട്ടയയ്ക്കുകയായിരുന്നു. വിമാനത്തിനുള്ളിൽ തീപിടിക്കുന്ന വസ്തുക്കൾ കൈവശം സൂക്ഷിക്കരുതെന്നാണ് നിയമം. ഇത് ലംഘിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.