തിരുവൊട്ടിയൂരില്‍ ഭാര്യയുടെ ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു. 45 വയസുള്ള തനമാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊല ചെയ്ത കാളിമുത്തുവിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. കൊല്ലപ്പെട്ട തനത്തിന്‍റെ സഹോദരിയുടെ മകളാണ് സെല്‍വി. ഫെയ്സ്ബുക്കില്‍ പരിചയപ്പെട്ട തിരുപ്പൂര്‍ സ്വദേശി കാളിമുത്തുവുമായി ഏറെക്കാലമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വിവാഹം നടന്നത്.
വിവാഹത്തിന് പിന്നാലെ സെല്‍വിയെ കാളിമുത്തു സംശയിക്കാന്‍ തുടങ്ങി. കാളിമുത്തുവിന്‍റെ ഉപദ്രവം സഹിക്കാതായതോടെ സെല്‍വി സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇതോടെ തിരുപ്പൂരില്‍ ബനിയന്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന കാളിമുത്തു അവിടെ നിന്ന് തിരുവൊട്ടിയൂരിലേക്ക് പോന്നു. കഴിഞ്ഞ മൂന്നുമാസമായി ഈ ഭാഗത്തുള്ള ഇറച്ചിക്കടയില്‍ ജോലി ചെയ്യുകയാണ്. പലവട്ടം ഭാര്യയുമായി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇവരുടെ വീട്ടിലെത്തിയെങ്കിലും നടന്നില്ല. ഈ സാഹചര്യത്തില്‍ കഴിഞ്ഞ മൂന്നു ദിവസമായി ഇയാള്‍ ഈ പരിസരത്ത് മാസ്ക് ധരിച്ച് കറങ്ങുന്നുണ്ടായിരുന്നു.
ഇന്ന് രാവിലെ ഇത്തരത്തില്‍ വീടിന്‍റെ പരിസരത്ത് കാളിമുത്തു നില്‍ക്കുന്നത് തനം കണ്ടു. എന്തിന് ഇവിടെ വന്നെന്ന് ചോദിച്ച് തനം ഇയാളെ ശകാരിച്ചു. ഇതോടെ അരിശം പൂണ്ട് കയ്യില്‍ കരുതിയ കത്തിയുമായി തനത്തെ കുത്തുകയായിരുന്നു. തനം സംഭവസ്ഥത്ത് വച്ച് തന്നെ മരിച്ചു. കാളിമുത്തു ഓടി രക്ഷപ്പെടുകയായിരുന്നു.