കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാന്‍ പഠിക്കണം എന്നൊരു ചൊല്ലുണ്ട്. അങ്ങനെ നില്‍ക്കാനുള്ള ഒരു ശ്രമമായിരുന്നു പന്തളത്തുനിന്ന് പതിനാറുകാരിയെ കടത്തിക്കൊണ്ടുപോയ ഇരുപതുകാരന്‍ ശരണിന്‍റേത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ ശരണ്‍ തട്ടിക്കൊണ്ടുപോയത്. നന്നായി ആസൂത്രണം ചെയ്തായിരുന്നു ശരണിന്റെ അഞ്ചു ദിവസത്തെ നീക്കങ്ങള്‍. കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്നും ഇക്കാലത്ത് ചിന്തിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല പ്രതി ചെയ്തുകൂട്ടിയതെന്നും പന്തളം സിഐ പ്രജീഷ് മനോരമന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.
20ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി കിട്ടിയതോടെയാണ് 12 പേരടങ്ങിയ പൊലീസ് സംഘം അന്വേഷണത്തിനിറങ്ങിയത്. ഇതിനിടെ ശരണിനെ കാണാനില്ലെന്ന് വിവരം ലഭിച്ചതോടെ ഒരു തുമ്പായി. ഇയാളുടെ പരിചയക്കാരും സുഹൃത്തുക്കളുമടക്കം നൂറോളം പേരോട് പൊലീസ് സംസാരിച്ചു. പലയിടത്തും അന്വേഷിച്ചു, ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചു. അങ്ങനെ ഇരുവരും ആദ്യം എറണാകുളത്തും പിന്നീട് ചെങ്ങന്നൂരും എത്തിയെന്ന് മനസിലായി. എന്നാല്‍ പിന്നീട് എങ്ങോട്ട് പോയെന്ന് ഒരു പിടിയുമില്ല. ഇതോടെ പൊലീസ് തിരച്ചില്‍ നോട്ടീസ് ഇറക്കി. രണ്ടുപേരുടെയും ഫോട്ടോയും പുറത്തുവിട്ടു. ആ സമയത്താണ് ശരണിന്‍റെ അതിബുദ്ധി പ്രവര്‍ത്തിച്ചത്.
താന്‍ നാട്ടില്‍ത്തന്നെയുണ്ടെന്ന് പൊലീസിനെ ധരിപ്പിക്കാന്‍ പെണ്‍കുട്ടിയെ കാട്ടില്‍ പാര്‍പ്പിച്ച് നാട്ടിലെ സിസിടിവികള്‍ക്ക് മുന്‍പിലൂടെ നടന്നു. ഒറ്റക്കാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായിരുന്നു അത്. പൊലീസ് പിന്നാലെയുണ്ടെന്ന് വ്യക്തമായതോടെയാണ് ശരണ്‍ പെണ്‍കുട്ടിയുമായി കാട്ടിലെത്തിയത്. ഭക്ഷണമെത്തിക്കാനും മറ്റും സഹായം ആവശ്യമായിരുന്നു. ശരണ്‍ സുഹൃത്തിന്റെ വീട്ടിലെത്തിയെന്നറിഞ്ഞ പൊലീസ് അവിടെയെത്തിയെങ്കിലും കക്ഷി ഓടി കുറ്റിക്കാട്ടില്‍ ഒളിച്ചു. അച്ചന്‍കോവിലാറിന്റെ തീരത്താണ് സുഹൃത്തിന്റെ വീട്. ഒളിക്കുന്നതിനിടെ ശരണ്‍ ആറ്റില്‍ വീണു. ഈ ശബ്ദം കേട്ട പൊലീസ് പരിസരത്തെല്ലാം തിരഞ്ഞെങ്കിലും ആളെ കിട്ടിയില്ല. ആറ്റില്‍ വച്ച് ശരണിന് നീര്‍നായയുടെ കടിയുമേറ്റു. പൊലീസ് വള്ളമെത്തിച്ച് പരിശോധിച്ചെങ്കിലും ഇയാള്‍ ആഞ്ഞിലി മരത്തിനുമുകളില്‍ കയറി ഒളിച്ചു. പൊലീസുകാര്‍ പോയെന്ന് വ്യക്തമായതോടെ രാത്രിയാണ് താഴെയിറങ്ങിയത്.
തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കുളനടയ്ക്കു പടിഞ്ഞാറുള്ള വെണ്‍മണിയിലെ കാട്ടിനുള്ളിലാണ് പാര്‍പ്പിച്ചത്. എണ്ണപ്പനത്തോട്ടവും വലിയ മരങ്ങളും മുള്‍ച്ചെടികളും നിറഞ്ഞ മേഖലയാണിത്. ഒരു ഭാഗത്തെ ചെടികള്‍ വെട്ടിമാറ്റി കരിയിലകള്‍ കിടക്കപോലെ കൂട്ടിവച്ച് അതിനുമുകളില്‍ ബെഡ്ഷീറ്റ് വിരിച്ചു. പെണ്‍കുട്ടിയെ അവിടെ പാര്‍പ്പിച്ചാണ് ലൈംഗികമായി ചൂഷണം ചെയ്തത്. ഒരു സുഹൃത്തിന്റെ സഹായത്തോടെ കാട്ടിലേക്ക് ഭക്ഷണം എത്തിച്ചു. മരച്ചീനി അടക്കമുള്ള സാധനങ്ങളാണ് എത്തിച്ച് ചുട്ടുതിന്നുകയായിരുന്നു. പൊലീസ് കണ്ടെത്താതിരിക്കാൻ മൊബൈൽ ഫോൺ ഉപേക്ഷിച്ചു. കാട്ടില്‍ വച്ച് പലതവണ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പൊലീസ് കണ്ടെത്തി.
അതേസമയം ഇരുട്ടും ഭയവും നിറഞ്ഞ വനവാസം ഇവരെങ്ങനെ അതിജീവിച്ചെന്നാണ് പൊലിസിന്റെ സംശയം. ഇവരുടെ കയ്യില്‍ സിഗരറ്റ് ലൈറ്ററുണ്ടായിരുന്നു. ഇത് ഇടക്കിടെ കത്തിച്ചും മറ്റുമാണ് ഇത്രയും ദിവസം കഴിച്ചുകൂട്ടിയത്. ഇരുട്ടിനെ ധൈര്യത്തോടെ നേരിട്ടുവെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്. ശരണിനൊപ്പം ജീവിക്കണമെന്ന് പെണ്‍കുട്ടിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും കടത്തിക്കൊണ്ടുപോകല്‍ ശരണിന്റെ മാത്രം ബുദ്ധിയാണെന്ന് പൊലീസ് പറയുന്നു. പരീക്ഷ കഴിഞ്ഞ് തിരിച്ചുവരും വഴി നിര്‍ബന്ധിച്ചാണ് പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടുപോയതെന്നാണ് കരുതുന്നത്. ആവശ്യത്തിന് വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല. ശരണ്‍ പഴയ ഒന്നോ രണ്ടോ വസ്ത്രം കരുതിയിരുന്നെന്നാണ് വിവരം.
വെൺമണിയിലെ എണ്ണപ്പന തോട്ടത്തിനുസമീപത്തെ കാട്ടിൽ ആളുണ്ടെന്ന് വിവരം കിട്ടിയതോടെയാണ് പൊലീസ് നാട്ടുകാരെ കൂട്ടി പരിശോധനയ്ക്ക് എത്തിയത്. അവിടെനിന്നാണ് പെൺകുട്ടിയെ കണ്ടെത്തി കുടുംബത്തിന് കൈമാറിയത്. പ്രതി ശരണിനെ പോക്സോ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി റിമാൻഡ് ചെയ്തു. പന്തളം സിഐ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. കക്കാന്‍ പഠിച്ചവന്‍ നില്‍ക്കാന്‍ ശ്രമിച്ചിട്ടും കാര്യമില്ല, പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്നുകൂടി പിടിയിലായപ്പോള്‍ ഓര്‍ത്തുകാണും ശരണ്‍