ആറ്റിങ്ങലില്‍ വീടിന്റെ മുൻവശത്തെ വാതിൽ പകുതി തകർത്ത് ഉള്ളില്‍ കയറി 25 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും മോഷ്ടിച്ച സ്ഥിരം മോഷ്ടാവ് പിടിയില്‍. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി കള്ളൻ കുമാർ എന്ന് അറിയപ്പെടുന്ന അനിൽകുമാറാണ് അറസ്റ്റിലായത്. വ്യാഴാഴ്ച ആറ്റിങ്ങൽ പാലസ് റോഡിൽ സ്വയംപ്രഭ - പത്മനാഭറാവു ദമ്പതികളുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണാഭരണവും പണവും മോഷണം പോയത്.
പട്ടാപ്പകല്‍ സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. കിടപ്പുമുറിയിലെ അലമാര കുത്തിപ്പൊളിച്ചാണ് കള്ളൻ കുമാർ സ്വർണവും പണവും കവര്‍ന്നത്. വീട്ടുകാര്‍ വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സ്വര്‍ണം പോയ വിവരം അറിയുന്നത്. ഉടൻ തന്നെ പൊലീസിൽ പരാതി നല്‍കി.
ഫിംഗർപ്രിന്റ് ലഭിക്കാതിരിക്കാൻ കൈയുറ ധരിച്ച് മോഷണം നടത്തുന്നതാണ് അനിൽകുമാറിന്റെ പതിവ്. എന്നാല്‍ വിവിധ സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ മാസ്ക് ധരിച്ച ഒരാളെ സംശയാസ്പദമായി വീടിന് സമീപം കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇത് വഞ്ചിയൂരുള്ള സ്ഥിരം മോഷ്ടാവ് അനിൽ കുമാർ ആണെന്ന് തിരിച്ചറിഞ്ഞത്. സി.സി.ടി.വിയാണ് പൊലീസിന് തുണയായതും കള്ളന്‍ കുമാറിന് വിനയായതും. തിരുവനന്തപുരം ശ്രീവരാഹത്തു നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
അമ്പതിൽപ്പരം മോഷണക്കേസുകളില്‍ പ്രതിയായ അനിൽകുമാർ, 15ഓളം കേസുകളില്‍ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിലിൽ നിന്നും പുറത്തിറങ്ങിയത് സെപ്തംബർ 13നാണ്. 2002ൽ തിരുവനന്തപുരം തൈക്കാട് രാജേഷ് നായരുടെ വീട്ടിൽ നിന്ന് 130 പവൻ, തുമ്പ ഗ്രിഗറിയുടെ വീട്ടിൽ നിന്ന് 48 പവൻ, മെഡിക്കൽ കോളേജിലെ ഒരു വീട്ടിൽനിന്ന് 80 പവൻ, തമ്പാനൂരില്‍ നിന്ന് 65പവൻ എന്നിങ്ങനെ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് കള്ളന്‍ കുമാര്‍.