തൃശൂർ-പാലക്കാട് ദേശീയപാതയിൽ രണ്ടു കോടി രൂപയുടെ സ്വർണം കവർന്ന അഞ്ചു പേർ അറസ്റ്റിൽ. കവർച്ചാസംഘത്തിലെ നാലു പേർ കൂടി ഒളിവിൽ . തട്ടിയെടുത്ത സ്വർണം ഇവരുടെ പക്കലാണെന്നാണ് അറസ്റ്റിലായവരുടെ മൊഴി.
നാലു ദിവസം മുമ്പായിരുന്നു ദേശീയപാതയിലെ സ്വർണക്കൊള്ള. കോയമ്പത്തൂരിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന സ്വർണ വ്യാപാരികളെ ആക്രമിച്ചു. മൂന്നു കാറുകളിലായി എത്തിയ കവർച്ചാസംഘം വ്യാപാരികളുടെ കാർ സിനിമാ സ്റ്റൈലിൽ തടഞ്ഞു. വ്യാപാരികളായ രണ്ടു പേരേയും മറ്റു കാറുകളിൽ തട്ടിക്കൊണ്ടുപോയി. വ്യാപാരികളുടെ കാർ കവർച്ചാസംഘം തട്ടിയെടുത്തു. ചുറ്റിക കൊണ്ട് സ്വർണ വ്യാപാരികൾക്കു മർദ്ദനമേറ്റു. സ്വർണം തട്ടിയെടുത്ത ശേഷം കാർ തൃശൂർ പൂച്ചെട്ടിയിൽ ഉപേക്ഷിച്ചു. കവർച്ച നടന്നത് ദേശീയപാതയിലെ നടുറോഡിൽ . ഈ സമയം, ഇതുവഴി വന്ന സ്വകാര്യ ബസിെല സിസിടിവി കാമറയിൽ കവർച്ചയുടെ ദൃശ്യങ്ങൾ പതിഞ്ഞു. ഈ ദൃശ്യങ്ങൾ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ, കവർച്ചാസംഘത്തിന്റെ കാറുകൾ തിരിച്ചറിഞ്ഞു. അങ്ങനെയാണ്, അഞ്ചു പേരെ പിടികൂടിയത്.
റോഷൻ വർഗീസ്, ഒന്നാം പ്രതി. 29 വയസ്. വീട് തിരുവല്ലയിൽ. 22 കവർച്ചാ കേസുകളിൽ പ്രതി. കർണാടക, തമിഴ്നാട് ദേശീയപാതിയിൽ സ്ഥിരമായി സ്വർണം തട്ടുന്നവൻ. ഷിജോ വർഗീസ്, രണ്ടാംപ്രതി. 23 വയസ്. വീട് തിരുവല്ലയിൽ . ഒൻപതു കവർച്ചാക്കേസുകളിൽ പ്രതി. തിരുവല്ല, കോട്ടയം ഗാന്ധിനഗർ പൊലീസിന്റെ നോട്ടപ്പുള്ളി. സിദ്ധിഖ്, കൊടുങ്ങല്ലൂർ എസ്.എൻ.പുരം സ്വദേശി. 26 വയസ്. മതിലകം, കൊടുങ്ങല്ലൂർ, മൂവാറ്റുപുഴ സ്റ്റേഷനുകളിലായി എട്ടു കേസുകളിൽ പ്രതി. നിശാന്ത്. തൃശൂർ നെല്ലായി സ്വദേശി. 24 വയസ്. കൊണ്ടോട്ടി സ്റ്റേഷനിലെ ഒരു കേസിൽ പ്രതി. നിഖിൽ നാഥ്, അഞ്ചാം പ്രതി. 36 വയസ്. മതിലകം, കാട്ടൂർ, കൊടുങ്ങല്ലൂർ സ്റ്റേഷനുകളിലായി പന്ത്രണ്ടു കേസുകളിലെ പ്രതി. രണ്ടരക്കിലോ സ്വർണമാണ് കവർന്നത്. രണ്ടു കോടി രൂപ വിലമതിക്കും. അഞ്ചു പേരെ കിട്ടിയെങ്കിലും തട്ടിയെടുക്കപ്പെട്ട സ്വർണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൂട്ടുപ്രതികളായ നാലു പേരെ കുടുക്കാൻ അന്വേഷണം തുടരുകയാണ്.