ഇടുക്കി കട്ടപ്പനയിൽ പ്ലസ് ടു വിദ്യാർഥിയെ എസ് ഐയും സിപിഒയും മർദ്ദിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ. വിദ്യാർത്ഥിയെ മർദ്ദിച്ചത് എസ്ഐയുടെ വീഴ്ച മറച്ചുവെച്ച് എസ്പി റിപ്പോർട്ട് നൽകിയെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തൽ. സംഭവത്തിൽ നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് വിദ്യാർഥിയുടെ കുടുംബം
കഴിഞ്ഞ ഏപ്രിൽ 25നാണ് വാഹന പരിശോധനയ്ക്കിടെ ബൈക്കിൽ എത്തിയ കൂട്ടർ സ്വദേശിയായ പ്ലസ് ടു വിദ്യാർഥി ആസിഫിനെ കസ്റ്റഡിയിലെടുത്ത് കട്ടപ്പന എസ്ഐ സുനേഖ് പി ജെയിംസും സംഘവും മർദ്ദിച്ചത്. ആസിഫിന്റെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ എസ്ഐക്കും സിപിഒ മനു പി ജോസിനും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ടിൽ തിരുത്തലുകൾ ഉണ്ടായെന്നാണ് കണ്ടെത്തൽ. കേസിൽ നീതി കിട്ടും വരെ നിയമപോരാട്ടം തുടരാനാണ് വിദ്യാർഥിയുടെ കുടുംബത്തിന്റെ തീരുമാനം
എന്നാൽ കൃത്യമായ വിവരമാണ് മനുഷ്യാവകാശ കമ്മീഷന് നൽകിയതെന്നാണ് എസ് പിയുടെ വിശദീകരണം. അടുത്തമാസം തൊടുപുഴയിൽ നടക്കുന്ന സിറ്റിങ്ങിൽ ജില്ലാ പൊലീസ് മേധാവിയും അന്വേഷണ ഉദ്യോഗസ്ഥനായ കട്ടപ്പന ഡിവൈഎസ്പിയും നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്