Image Credit: PTI, X
ബിഎംഡബ്ല്യു കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തിനുശേഷം പ്രതിയായ മിഹിര്‍ഷാ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്‍റെ കാമുകിയെ വിളിച്ച് സംസാരിച്ചത് 40 തവണ. സംഭവത്തിന് ശേഷം ഓട്ടോറിക്ഷയിൽ യുവതിയുടെ വീട്ടിലെക്കുള്ള യാത്രക്കിടെയായിരുന്നു ഫോൺകോളുകൾ. മിഹിറിന്‍റെ കാമുകിയെ കസ്റ്റഡിയിലെടുത്തേക്കുമെന്ന് പൊലീസ്.
ശിവസേന ഷിന്ദേ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകന്‍ മിഹിര്‍ ഷാ ഓടിച്ച ബി.എം.ഡബ്ല്യൂ. കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ കാവേരി നഖ്‌വ(45)യാണ് മരിച്ചത്.കാവേരിയെയും ഭര്‍ത്താവ് പ്രദീപിനെയും അമിതവേഗത്തിലെത്തിയ കാർ ഇടിച്ചതിനെ തുടർന്ന് പ്രദീപിനെ ബോണറ്റിൽ നിന്ന് തെറിപ്പിക്കുന്നതിനിടയിൽ കാവേരി ചക്രത്തിനടിയിൽപ്പെട്ട് ഒന്നര കിലോമീറ്റർ ദൂരത്തേക്കാണ് വലിച്ചിഴക്കപ്പെട്ടത്.തുടര്‍ന്ന് മിഹിര്‍ കാര്‍ ഉപേക്ഷിച്ച് കാമുകിയുടെ വീട്ടിലെത്തി. യുവതി മിഹിറിന്‍റെ സഹോദരിയെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. ഇതെത്തുടര്‍ന്ന് മിഹിറിന്‍റെ സഹോദരി ഇവിടെയെത്തി മിഹിറിനെയും സുഹൃത്തിനെയും ബോറിവള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഷായുടെ പിതാവ് രാജേഷ് ഷായെയും ഡ്രൈവർ ബിദാവത്തിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.തുടര്‍ന്നാണ് മിഹിര്‍ കുടുങ്ങുന്നത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ മിഹിറിനെ ജൂലൈ 16 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കാമുകിയെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തേക്കുമെന്ന് പോലീസ് പറഞ്ഞു. അപകടത്തെക്കുറിച്ചുള്ള എന്ത് വിവരങ്ങളാണ് ഷാ യുവതിയോട് പങ്കുവെച്ചത്, യുവതി കാണുമ്പോള്‍ മിഹിര്‍ മദ്യപിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാകും പൊലീസ് യുവതിയില്‍ നിന്ന് പ്രധാനമായും ചോദിച്ചറിയുക.
പാൽഘർ ജില്ലയിലെ ശിവസേനയുടെ ഉപനേതാവായിരുന്ന രാജേഷ് ഷായെ ബുധനാഴ്ച സ്ഥാനത്തുനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.കുറ്റക്കാരെ വെറുതെ വിടില്ലെന്നും പൊലീസ് ആരെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വ്യക്തമാക്കി.