ജൂലൈ 6 ന് രാവിലെ മുംബൈയിൽ ആഡംബര കാറിടിച്ച് മത്സ്യവിൽപ്പനത്തൊഴിലാളിയായ സ്ത്രീ മരിച്ച സംഭവത്തിൽ രാഷ്ട്രീയ നേതാവിൻ്റെ മകനും 24 കാരനുമായ പ്രതി മിഹിര്‍ ഷാ മുംബൈ പൊലീസിന്‍റെ വലയില്‍ വീണത് 72 മണിക്കൂറിനുള്ളില്‍. മുംബൈക്ക് സമീപമുള്ള ഷാപൂരിൽ നിന്നാണ് മിഹിറിനെ പിടികൂടിയത്. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ 24 കാരനായ പ്രതി താടി വടിക്കുകയും മുടി മുറിക്കുകയും ചെയ്തിരുന്നതായും പോലീസ് കോടതിയെ അറിയിച്ചു.
അപകടം നടന്നിട്ട് ഇതുവരെയായിട്ടും പ്രതിയെ പിടികൂടാത്തതിൽ പൊലീസിനു നേരെ വിമർശനം ഉയർന്നിരുന്നു. വിമർശനങ്ങൾക്കിടയിലും മിഹിറിന്‍റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഉൾപ്പടെ പൊലീസ് കൃത്യമായി നിരീക്ഷിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അപകടം ഉണ്ടായശേഷം പ്രതികള്‍ ബിഎംഡബ്ല്യൂവിൻ്റെ നമ്പർ പ്ലേറ്റ് വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മിഹിർ എറിഞ്ഞ നമ്പര്‍ പ്ലേറ്റ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
മുംബൈയിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെയുള്ള വിരാറിലെ ഒരു അപ്പാർട്ട്‌മെൻ്റിലേക്ക് ട്രാക്ക് ചെയ്ത മിഹിറിനെ പിടികൂടാൻ പോലീസ് ഒന്നിലധികം ടീമുകളാണ് രൂപീകരിച്ചത്. സംഭവം പൊലീസ് വിവരിക്കുന്നത് ഇങ്ങനെ: അപകടശേഷം ബാന്ദ്രയിലെ കാലാ നഗറിന് സമീപം കാർ ഉപേക്ഷിച്ച് ഗോരേഗാവിലെ കാമുകിയുടെ വീട്ടിലേക്കാണ് മിഹിർ പോയത്. അതിനു ശേഷം കാമുകിയ്ക്കൊപ്പം ബോറിവാലിയിലെ മിഹിറിന്‍റെ വീട്ടിലേയ്ക്കും പോയി. തുടർന്ന് അമ്മയെയും സഹോദരിമാരെയും സുഹൃത്ത് അവ്ദീപിനെയും കൂട്ടി ഇവർ മുംബൈയിൽ നിന്ന് 65 കിലോമീറ്റർ അകലെയുള്ള ഷാഹ്പൂരിലെ ഒരു റിസോർട്ടിലേക്ക് മാറി. യാത്രയ്ക്ക് തൊട്ടുമുൻപ് ഇവരെല്ലാവരും തന്നെ ഫോൺ ഓഫ് ചെയ്യുകയും ചെയ്തു.എന്നാൽ തിങ്കളാഴ്ച്ച രാത്രിയോടെ ഷാഹ്പൂരിൽ നിന്ന് മിഹിർ സുഹൃത്തിനൊപ്പം പുറപ്പെട്ടു. മുംബൈയിലെ തന്നെ വരാറിലേയ്ക്കാണ് ഇവർ പോയത്. ചൊവ്വാഴ്ച്ച രാവിലെ മിഹിറിന്‍റെ സുഹൃത്ത് ഇയാളുടെ ഫോൺ ഓൺ ചെയ്തു. ഇതോടെ വലവിരിച്ചു കാത്തിരുന്ന മുംബൈ പൊലീസിന് പ്രതിയിലേക്കുള്ള നിർണായകമായ തുമ്പ് കിട്ടി. 15 മിനിറ്റ് ഓൺ ചെയ്ത് വച്ച ഈ ഫോണിനെ പിന്തുടർന്നെത്തിയാണ് പൊലീസ് മിഹിർ ഷായ്ക്കുനേരെ നിയമത്തിന്‍റെ വല വിരിച്ചത്.
അപകടമുണ്ടായ രാത്രി മണിക്കൂറുകളോളം ബാറിൽ ചെലവഴിച്ച മിഹിർ, ഡ്രൈവറുണ്ടായിട്ടും കാർ ഓടിക്കുകയായിരുന്നു. മൊത്തവിപണിയിൽ നിന്ന് മീൻ വാങ്ങി ഭർത്താവ് പ്രദീപിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങവെ, കാവേരി എന്ന സ്ത്രീയാണ് അപകടത്തിൽ മരിച്ചത്. അപകട വിവരമറിഞ്ഞ മിഹിറിന്‍റെ പിതാവ് രാജേഷ് ഷാ, മകനോട് രക്ഷപ്പെടാനും ഡ്രൈവറോടു കുറ്റമേൽക്കാനും നിർദേശിക്കുകയായിരുന്നു. കാർ രഹസ്യകേന്ദ്രത്തിലേക്കു മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നമ്പർ പ്ലേറ്റും ഗ്ലാസിൽ ഒട്ടിച്ച ശിവസേനയുടെ സ്റ്റിക്കറും ഇളക്കിമാറ്റിയിരുന്നു. അതേസമയം, മിഹിർ മദ്യപിച്ചിട്ടില്ലെന്ന് ബാറുടമ അവകാശപ്പെട്ടു. 24 വയസ്സ് മാത്രമുള്ള മിഹിർ ഷായ്ക്ക് മദ്യം നൽകിയതിന് ജുഹുവിലെ ബാർ എക്സൈസ് വകുപ്പ് അടച്ചുപൂട്ടി. വീര്യം കൂടിയ മദ്യം ഉപയോഗിക്കാൻ 25 വയസ്സാണ് മഹാരാഷ്ട്രയിലെ പ്രായപരിധി.
മിഹിർ ഷായുടെ പിതാവ് രാജേഷ് ഷായെ ഏകനാഥ് ഷിൻഡെ വിഭാഗത്തിൻ്റെ ശിവസേനയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പാൽഘർ ജില്ലയിൽ നിന്നുള്ള സേനാ നേതാവായിരുന്നു ഷാ. ഞായറാഴ്ച രാജേഷ് ഷായെ അറസ്റ്റ് ചെയ്തിരുന്നു. മിഹിര്‍ ഷായെ ജൂലൈ 16 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.