തൃശൂര്‍ പെരിങ്ങോട്ടുകര കാനാടി ദേവസ്ഥാനം ക്ഷേത്രത്തിന്‍റെ ട്രസ്റ്റി ഉടമകള്‍ തമ്മില്‍ തര്‍ക്കം. പ്രശ്നത്തില്‍ ഇടപ്പെട്ട തൃശൂര്‍ റൂറല്‍ എസ്.പിയ്ക്കെതിരെ ഒരു വിഭാഗം ട്രസ്റ്റികള്‍ പരാതി നല്‍കി. ഇതിനിടെ, ക്ഷേത്രത്തില്‍ ലഹളയുണ്ടാക്കാന്‍ ശ്രമിച്ച മൂന്നു ഗുണ്ടകളെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
പെരിങ്ങോട്ടുക്കര കാനാടി ദേവസ്ഥാനം ക്ഷേത്രത്തിന്‍റെ ട്രസ്റ്റില്‍ നാലു സഹോദരങ്ങളുണ്ട്. ഇളയ സഹോദരനായ ഉണ്ണി ദാമോദരനും മറ്റു സഹോദരങ്ങളും തമ്മിലാണ് തര്‍ക്കം. ക്ഷേത്രത്തിലെ വരുമാനം ട്രസ്റ്റിന്‍റെ അക്കൗണ്ടില്‍ വരുത്താതെ ഉണ്ണി ദാമോദരന്‍ സ്വകാര്യ അക്കൗണ്ടിലേയ്ക്കു മാറ്റിയെന്നാണ് സഹോദരങ്ങളുടെ പരാതി. ഇതേചൊല്ലിയുള്ള തര്‍ക്കം പൊലീസ് കേസിലും കലാശിച്ചു. ഇരുകൂട്ടരും കോടതിയില്‍ നിയമനടപടി തുടരുകയാണ്. ക്ഷേത്രത്തിന്‍റെ ദൈനംദിന കാര്യങ്ങളില്‍ നിന്ന് സഹോദരങ്ങളെ മാറ്റിനിര്‍ത്തിയ ഉണ്ണി ദാമോദരനെതിരെയാണ് പരാതി. സഹോദരന്‍മാര്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനം വിളിച്ചു. തര്‍ക്കം നിയമപരമായി പരിഹരിക്കേണ്ട തൃശൂര്‍ റൂറല്‍ എസ്.പി. ഏകപക്ഷീയമായി ഇടപ്പെട്ടെന്നാണ് ഇപ്പോഴത്തെ പരാതി.
ഒട്ടേറെ ഭക്തര്‍ പ്രതിദിനം വരുന്ന ക്ഷേത്രമാണ് കാനാടി ദേവസ്ഥാനം. ഭരണതര്‍ക്കം ക്രമസമാധാന പ്രശ്നത്തിലേക്ക് നീങ്ങുകയാണ്. ക്ഷേത്രത്തിനുള്ളില്‍ ട്രസ്റ്റി അംഗം ഉണ്ണി ദാമോദരന്‍റെ അകമ്പടിയായി നിന്ന മൂന്നു ഗുണ്ടകളെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെരിങ്ങോട്ടുക്കര സ്വദേശികളായ സ്മിത്ത്, നിതിന്‍, പ്രരീഷ് എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. മൂവരേയും കോടതി റിമാന്‍ഡ് ചെയ്തു