ഓൺലൈൻ വ്യാപാരത്തിൽ പങ്കാളിത്തത്തിനൊപ്പം ലാഭവിഹിതം അക്കൗണ്ടിലേക്ക് നേരിട്ട് നൽകുമെന്ന വാഗ്ദാനത്തിൽ മലപ്പുറത്ത് നഷ്ടമായത് ലക്ഷങ്ങൾ. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി തട്ടിപ്പ് നടത്തിയ കേസിൽ കോഴിക്കോട് സ്വദേശികളായ യുവാവും യുവതിയും കാളികാവ് പൊലീസിൻറെ പിടിയിൽ. പൂങ്ങോട് സ്വദേശി ഹരീഷിന്റെ പരാതിയിലാണ് നടപടി
കോഴിക്കോട് സ്വദേശികളായ റമീഷ്,സോന എന്നിവരാണ് പിടിയിലായത്. ഹരീഷിന് പലപ്പോഴായി 47 ലക്ഷം രൂപയാണ് നഷ്ടമായത്. റമീഷ് കഴിഞ്ഞ മാസം 11നും, സോന ഇന്നലെയുമാണ് പിടിയിലായത്. കോഴിക്കോട് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. വാട്‌സ് ആപ് ഗ്രൂപ്പുകളിലൂടെ ഓൺ ലൈൻ വ്യാപാരത്തിൽ പങ്കാളിത്തം എന്ന് കാട്ടി പരസ്യം നൽകുന്നതാണ് രീതി. ആദ്യമാദ്യം ലാഭവിഹിതം കൃത്യമായി നിക്ഷേപകർക്ക് നൽകും. ഒടുവിൽ നിക്ഷേപകർ വൻ തുക നൽകുന്നതോടെയാണ് തട്ടിപ് പുറത്താവുക. അപ്പോഴേക്കും ഇരുവരും മുങ്ങിയിട്ടുണ്ടാകും. പിടിയിലായ രണ്ടു പേരുടെയും അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ ഇടപാട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് സി ഐ... കെ. അനുദാസ് പറഞ്ഞു. എസ് ഐ മാരായ അസ്ലം,സാബിറ, സിപിഒ മാരായ നൗഫൽ,ഷിംന എന്നിവരാണ് പ്രതികളെ പിടിക്കൂടിയത്.