aditha

TOPICS COVERED

ചോറ്റാനിക്കരയിലെ 16 കാരി ആദിത്യയുടെ മരണത്തിൽ കൊറിയൻ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ്. കുട്ടിയെ മറ്റാരെങ്കിലും കബളിപ്പിച്ചതാണോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. ബ്ലാക്ക് വെനമെന്ന പേജ് കുട്ടി ഫോളോ ചെയ്തിരുന്നോ എന്ന് കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.  

ചോറ്റാനിക്കരയിലെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആദിത്യയുടെ ആത്മഹത്യക്കുറിപ്പിൽ കൊറിയൻ സുഹൃത്തിനെ പറ്റി പരാമർശം ഉണ്ടായിരുന്നു. ആദ്യഘട്ടത്തിൽ ഇതിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എന്നാൽ പെൺകുട്ടിയുടെ മരണത്തിൽ കൊറിയൻ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഡിജിറ്റൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഫോണിൻ്റെ ഫൊറൻസിക് പരിശോധന ഫലം വരാൻ സമയമെടുക്കും. കുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴി എടുത്തിരുന്നു. എന്നാൽ കൊറിയൻ സുഹൃത്തിലേക്ക് വിരൽ ചൂണ്ടുന്ന മൊഴി ലഭിച്ചിട്ടില്ല. മറ്റാരെങ്കിലും കബളിപ്പിച്ചതാണോ എന്നതിലും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു

ആദിത്യ, ബ്ലാക്ക് വെനമെന്ന പേജ് ഫോളോ ചെയ്തിരുന്നു എന്നത് സ്ഥിരീകരിക്കാത്ത വിവരമാണ്. ഇക്കാര്യം പൊലീസ് കണ്ടെത്തിയിട്ടില്ല. ഫോണിലെ വിവരങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷമേ ലഭ്യമാകൂ എന്നും പൊലീസ് വ്യക്തമാക്കി. മനോരമ ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് ആദിത്യയുടെ മരണത്തിന് പിന്നിലെ സത്യം കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്