kozhikode-house-fire

ഭാര്യയെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാമാതാവിന്‍റെ വീടിന് യുവാവ് തീവച്ചു. കോഴിക്കോട് കാരശേരി ജമീലയുടെ വീടിനാണ് മരുമകന്‍ റഷീദ് തീയിട്ടത്. പുതുപ്പാടി സ്വദേശി റഷീദ് ലഹരിമരുന്നിന് അടിമയെന്നും കുടുംബം ആരോപിച്ചു 

ഇന്ന് പുലര്‍ച്ചേയാണ് വലിയപറമ്പ് തടത്തില്‍ കോളനിയില്‍ ജമീലയുടെ വീട് അഗ്നിക്കിരയായത്. ജമീലയുടെ മകളും ഭർത്താവായ റഷീദും കൊടിയത്തൂരിലെ വാടകവീട്ടിലായിരുന്നു താമസം. അവിടെവച്ച് നിരന്തരം ഇയാൾ ഭാര്യയെ ഉപദ്രവിച്ചിരുന്നു. 

ഇതുമായി ബന്ധപ്പെട്ട് റഷീദുമായി വാക്കേറ്റമുണ്ടാവുകയും ജമീല മകളെ കാരശേരിയിലെ തന്‍റെ വീട്ടിലേക്ക് കൂട്ടിവരികയും ചെയ്തു. ഇതാണ് റഷീദ് വീടിന് തീവെക്കാന്‍ കാരണം. പുലര്‍ച്ചേ മൂന്നുമണിയോടെ വീടിന് കല്ലെറിഞ്ഞ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അടുക്കളഭാഗത്ത് തീ കണ്ടത്. റഷീദ് ഓടിപ്പോവുന്നതും ജമീല കണ്ടു. നാട്ടുകാരെത്തിയാണ് തീയണച്ചത്.

ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഉള്‍പ്പെടെ അടുക്കള പൂര്‍ണമായും കത്തിനശിച്ചു. ജമീലയുടെ പരാതിയില്‍ കുന്ദമംഗലത്ത് നിന്ന് റഷീദിനെ മുക്കം പൊലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ റഷീദിനെ റിമാന്‍ഡ് ചെയ്തു.

ENGLISH SUMMARY:

A man was arrested in Kozhikode for setting his mother-in-law's house on fire after she questioned him for assaulting his wife. The accused, Rashid, allegedly committed the crime in Karassery early in the morning. Family members claim he is a drug addict.