kozhikode-mdma

കോഴിക്കോട് വിവിധയിടങ്ങളിലായി വന്‍ ലഹരിവേട്ട. 296 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് പ്രതികള്‍ എംഡിഎംഎ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. 

ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ച്  വില്‍പന നടത്തുന്ന കോവൂര്‍ സ്വദേശി അരുണ്‍കുമാറും ഒളവണ്ണ സ്വദേശി ആശിലുമാണ് പിടിയിലായത്. കോവൂരില്‍ നിന്നാണ് അരുണ്‍കുമാര്‍ അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 200 ഗ്രാം എംഡിഎംഎയും പിടികൂടി. രണ്ടുതവണ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അരുണ്‍കുമാര്‍ ജാമ്യത്തിലിറങ്ങിയതിനുശേഷം വീണ്ടും എംഡിഎംഎ വില്‍പ്പന നടത്തുകയായിരുന്നു. 

തിരുവങ്ങൂര്‍ സ്കൂളിന് സമീപത്തുവെച്ചാണ് ആശില്‍ 12 ഗ്രാമിലധികം എംഡിഎംഎയുമായി പിടിയിലായത്. കൂടുതല്‍ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ ആശിലിന്‍റെ ഒളവണ്ണയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 83 ഗ്രാമിലധികം എംഡിഎംഎ കൂടി കണ്ടെത്തുകയായിരുന്നു. കഴിഞ്ഞദിവസം നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 712 ഗ്രാം എംഡിഎംഎയുമായി നാലുപേര്‍ പിടിയിലായിരുന്നു.