തമിഴ്നാട്ടിൽ നിരവധി ഹൈവേ മോഷണ കേസുകളിൽ പ്രതികളായ നാൽവർ സംഘം ഇടുക്കിയിൽ പിടിയിൽ. കുപ്രസിദ്ധ കുറ്റവാളി കൊസുവപ്പെട്ടി ഗണേശനും സംഘവുമാണ് പിടിയിലായത്. ഇവരിൽനിന്ന് മാരകായുധങ്ങൾ കണ്ടെത്തി.
ഇടുക്കി തമിഴ്നാട് അതിർത്തിയായ കമ്പംമെട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കൊസവപെട്ടി ഗണേശൻ കൂട്ടാളികളായ സുകുമാർ പാണ്ടി, ഗണേശൻ, എന്നിവർ പിടിയിലായത്. ഹൈവേയിലൂടെ പോകുന്ന വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ വെട്ടിപ്പരുക്കേൽപ്പിച്ച് പണവും ആഭരണങ്ങളും കവരുന്നതാണ് ഇവരുടെ രീതി.
കഴിഞ്ഞാഴ്ച ജില്ലയിൽ എത്തിയ സംഘം നിരവധി ഇടങ്ങളിൽ മോഷണത്തിന് ശ്രമം നടത്തിയിരുന്നു. ഏലക്കായുമായി പോകുന്ന വാഹനങ്ങളിൽ കവർച്ച നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് പൊലീസ് അതിർത്തി മേഖലകളിൽ പരിശോധന വ്യാപകമാക്കിയത്.
മോഷ്ടിച്ച പണം ഉപയോഗിച്ച് തമിഴ്നാട്ടിൽ ആഡംബര ജീവിതം നയിക്കുന്നവരാണ് പ്രതികൾ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇവരെ വീണ്ടും കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം.