തിരുവനന്തപുരം കാട്ടാക്കടയില്‍ യുവതിയുടെ ആത്മഹത്യയില്‍ കായികാധ്യാപകനായ ഭര്‍ത്താവ് അറസ്റ്റില്‍. വീരണകാവ് സ്വദേശിനി ദീപമോളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതിലാണ് ഭര്‍ത്താവ് സിബിയെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഭര്‍ത്താവിന്‍റെ നിരന്തര മര്‍ദനത്തിനൊടുവിലാണ് ദീപമോള്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു ബന്ധുക്കളുടെ പരാതി.
പന്നിയോട് വീരണകാവ് മണ്ണാവിളയില്‍ മണിയന്‍, രാജേശ്വരി ദമ്പതികളുടെ മകള്‍ ദീപമോള്‍ കഴിഞ്ഞമാസം എട്ടിനാണ് ഭര്‍തൃസഹോദരിയുടെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. 2015 ലായിരുന്ന ദീപമോളും സിബിയുമായുള്ള വിവാഹം. പിന്നാലെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് സിബി ദീപയെ നിരന്തരം ആക്രമിച്ചിരുന്നുവെന്നാണ് ആക്ഷേപം. നാല്‍പ്പത് പവന്‍ സ്വര്‍ണം ഉള്‍പ്പെടെ സകലതും വിറ്റ് നശിപ്പിച്ചുവെന്നും സിബി ഉപദ്രവിക്കുന്നത് സംബന്ധിച്ച് നേരത്തെയും പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും ദീപയുടെ മാതാപിതാക്കള്‍.
ദീപ ആത്മഹത്യ ചെയ്ത ദിവസം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം എത്തിച്ച ശേഷം സിബി മുങ്ങിയിരുന്നു. ദീപയുടെ ബന്ധുക്കളെ യഥാസമയം ഇക്കാര്യം അറിയിക്കുകയും ചെയ്തില്ല. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് കാട്ടാക്കട പൊലീസ് വിശദമായ അന്വേഷണത്തിനൊടുവില്‍ സിബിയെ പിടികൂടിയത്.