മൂന്നാറിൽ വാഹനം സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ വിനോദസഞ്ചാരികളെ മർദിച്ച യുവാക്കൾക്കെതിരെ വധശ്രമത്തിനു കേസെടുത്തു. മൂന്നാറിലെത്തിയ കോളജ് വിദ്യാർഥികളെയാണ് പ്രതികൾ മർദിച്ചത്. മർദനത്തിൽ രണ്ടുപേർക്ക് ഗുരുതര പരുക്കേറ്റു.
തമിഴ്നാട് തൃച്ചിയിൽ ഹോട്ടൽ മാനേജ്മെന്റ് പഠിക്കുന്ന ഒമ്പത് വിദ്യാർഥികളടങ്ങുന്ന സംഘമാണ് മൂന്നാറിലെത്തിയത്. ഇവർ കഴിഞ്ഞ ദിവസം പള്ളിവാസൽ ആറ്റുകാട് വെള്ളച്ചാട്ടം കാണാൻ പോകുംവഴി സ്കൂട്ടറിന് സൈഡ് നൽകിയില്ല എന്നരോപിച്ചയിരുന്നു ക്രൂരമർദനം. ആറ്റുകാട് സ്വദേശികളായ കൗശിക്,സുരേന്ദ്രൻ, അരുൺ സൂര്യ എന്നിവർ ചേർന്നാണ് വിദ്യാർഥികളെ മർദിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പ്രതികൾ തല്ലി തകർത്തു. എസ്റ്റേറ്റ് ലയത്തിന്റെ വരാന്തയിൽ വിദ്യാർഥികളെ മുട്ടുകുത്തിച്ച് ഇരുത്തിയതോടെ തൊഴിലാളികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
കല്ലുകൊണ്ടുള്ള ആക്രമണത്തിൽ തൃച്ചി സ്വദേശികളായ അരവിന്ദ്, ഗുണശീലൻ എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവർ ചികിത്സയിലാണ്. പ്രതികൾ വിദ്യാർഥികളെ മർദിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.