വെർച്വൽ അറസ്റ്റിലൂടെ മട്ടാഞ്ചേരിയിൽ വീട്ടമ്മയിൽ നിന്ന് 2.88 കോടി രൂപ തട്ടിയെടുത്ത കേസിൽ കൂടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണം. തട്ടിപ്പിന് സാങ്കേതിക സഹായം നൽകിയവരടക്കമുള്ളവരെ കണ്ടെത്താനാണ് ശ്രമം. കേസിലെ മുഖ്യപ്രതി മഹാരാഷ്ട്ര സ്വദേശി സന്തോഷിനെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും.
ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന് ആരോപിച്ച് മട്ടാഞ്ചേരി ആനവാതിൽ സ്വദേശിയായ വീട്ടമ്മയെയാണ് വെർച്വൽ അറസ്റ്റ് ചെയ്തു തട്ടിപ്പിനിരയാക്കിയത്. ഒരുമാസം നീണ്ട വെർച്വൽ അറസ്റ്റിലൂടെ പ്രതികൾ കവർന്നത് 2.88 കോടി രൂപ. മട്ടാഞ്ചേരി പോലീസ് മഹാരാഷ്ട്രയിലെത്തി നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി കഴിഞ്ഞ ദിവസം പിടിയിലാകുന്നതും. അഞ്ചിലധികം ആളുകൾക്ക് തട്ടിപ്പിൽ നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം. ഇതിനുപുറമെ സാങ്കേതിക സഹായം നൽകിയവരും പ്രതി പട്ടികയിൽ ഉണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിച്ചുവരികയാണ്.
പിടിയിലായ സന്തോഷ് ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ല. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയാൽ മുടക്കിയ പണം തിരികെ നൽകാമെന്ന് തട്ടിപ്പുകാരുടെ വാക്ക് വിശ്വസിച്ച് വീട്ടമ്മയും ഭർത്താവും പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഇതിൽ സംശയം തോന്നി പോലീസ് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.