തൃശൂർ പടിയൂരിൽ ഭാര്യയേയും അമ്മയേയും കൊന്ന കില്ലർ പ്രേംകുമാർ എവിടെ? . തൃശൂർ റൂറൽ പൊലീസ് ഉത്തരം തേടുകയാണ്. കോഴിക്കോട് കണ്ടു. ആലപ്പുഴയിൽ എത്തി. അങ്ങനെ , പല വിവരങ്ങൾ പൊലീസിന് കിട്ടി. കൊലയാളി എത്താൻ സാധ്യതയുള്ള എല്ലായിടങ്ങളിലും പൊലീസ് ഉണ്ട്. വേഗം പിടിക്കണം. ഇല്ലെങ്കിൽ, ഇനിയും സ്ത്രീകളുടെ ജീവൻ പൊലിയും.
എം.ബി.എക്കാരൻ സൈക്കോ
സമീപകാലത്തിറങ്ങിയ ഒട്ടേറെ സിനിമകളിൽ സൈക്കോ കില്ലർമാരുണ്ട്. ആളുകളെ സിംപിളായി കൊന്ന് തള്ളുന്ന കില്ലർ. സമാന സ്വഭാവക്കാരനാണ് പ്രേംകുമാർ. എംബിഎ വരെ പഠിച്ചിട്ടുണ്ട്. ഒട്ടേറെ ഹോട്ടലുകളിൽ മാനേജരായി ജോലി നോക്കി. ഓരോ ഹോട്ടലിലും പത്തോ പതിനഞ്ചു ദിവസം ജോലി ചെയ്യും. പിന്നെ അവിടെ തുടരില്ല. പ്രത്യേകതരം പ്രകൃതം. സ്ത്രീകളുമായുള്ള ബന്ധത്തിൻറെ കാര്യത്തിലും അങ്ങനെതന്നെ. പൂർവ വിദ്യാർത്ഥി സംഗമത്തിൽ കണ്ട പഴയ സഹപാഠിയോടും പ്രേമം തോന്നി അടുത്തുകൂടി. ആ സഹപാഠിക്കൊപ്പം ജീവിക്കാൻ മോഹിച്ച് ഭാര്യയെ കഴുത്ത് തിരിച്ചു കൊന്നു. സഹപാഠിയും പ്രേംകുമാറും ജയിലിലായി. ജാമ്യത്തിൽ പുറത്തിറങ്ങിയശേഷം സഹപാഠി പ്രേമകുമാറിനെ ഉപേക്ഷിച്ചു. കുറ്റവാളിയുടെ മനസ്സ് ആ സഹപാഠി തിരിച്ചറിഞ്ഞിരിക്കണം.കൊലക്കേസിൽ ജാമ്യത്തിൽ ഇറങ്ങി വന്നുപെട്ടത് തൃശൂർ ജില്ലയിൽ . പടിയൂർ സ്വദേശിനിയായ രേഖയുമായി അടുപ്പത്തലായി . 43 കാരിയായ രേഖ ഭർത്താവുമായി വേർപിരിഞ്ഞ് അമ്മയോടൊപ്പം ആയിരുന്നു താമസം. പ്രേംകുമാർ രേഖയെ വിവാഹം കഴിച്ച് പടിയൂരിൽ കൂടി . രേഖയുടെ രണ്ടു മക്കളും ഒപ്പമില്ല. പ്രേംകുമാറിന്റെ രണ്ടു മക്കളും മറ്റുള്ളവരുടെ സംരക്ഷണയിൽ കഴിയുന്നു.
കില്ലർ ആണെന്ന് രേഖ അറിഞ്ഞിരുന്നില്ല
ഉദയംപേരൂർ സ്വദേശിയായ ആദ്യ ഭാര്യ വിദ്യയെ കൊന്ന ആളാണ് പ്രേംകുമാർ എന്ന് രേഖ അറിഞ്ഞിരുന്നില്ല. ആറുമാസത്തോളം നീണ്ടുനിന്നു ഇവരുടെ ഈ ബന്ധം. അവസാന സമയത്ത് ഇരുവരും തമ്മിൽ തെറ്റി . രേഖയുടെ വിപുലമായ ആൺ സൗഹൃദങ്ങളെ പ്രേംകുമാർ എതിർത്തു. ഉപദ്രവമായി. അങ്ങനെയാണ് തൃശൂർ റൂറൽ വനിതാ സ്റ്റേഷനിൽ പരാതി നൽകുന്നത്. പ്രേംകുമാറിനെ പോലീസ് വിളിച്ചുവരുത്തി താക്കീത് ചെയ്തു. ഇരുവരെയും കൗൺസിലിങ്ങിന് വിധേയമാക്കാനും നിർദ്ദേശം നൽകി. ആ കൗൺസിൽ ഇങ്ങനെ മുമ്പ് രേഖയെയും അമ്മയെയും കൊന്ന് പ്രേംകുമാർ സ്ഥലം വിട്ടു.
നൈറ്റിയിൽ പതിച്ച സെൽഫി ചിത്രങ്ങൾ
രേഖയുടെ വിപുലമായ ആൺ സൗഹൃദങ്ങൾ. അവർക്കൊപ്പം ഉള്ള സെൽഫികൾ. ആ ചിത്രങ്ങളെല്ലാം പ്രിന്റൗട്ടെടുത്ത് , എ ഫോർ ഷീറ്റിൽ ആക്കി രേഖയുടെ നൈറ്റിയിൽ സൂചികൊണ്ട് കുത്തിവെച്ചു. രേഖ മോശക്കാരിയാണെന്ന് ആക്ഷേപിക്കുന്ന ഒരു കുറിപ്പും വസ്ത്രത്തിൽ കുത്തിവച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് കൊലയ്ക്ക് ശേഷം പ്രേംകുമാർ സ്ഥലംവിട്ടു. പിന്നെ ആരും കണ്ടിട്ടില്ല. സ്ത്രീകളെ പരിചയപ്പെട്ട് അവർക്കൊപ്പം ജീവിതം തുടരുകയാണ് പ്രേംകുമാറിൻ്റെ ശൈലി. കോട്ടയത്ത് അമ്മയും സഹോദരനും ഉണ്ടെങ്കിലും നിലവിൽ ബന്ധമില്ല.