ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാലുപേർ വെന്ത് മരിച്ച കേസിൽ നിർണായക വഴിത്തിരിവ്. പ്രദേശവാസിയുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിൽ ദുരുഹതയുണ്ടോയെന്ന് പരിശോധിക്കാൻ ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.
കൊമ്പടിഞ്ഞാൽ സ്വദേശി ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരെ കഴിഞ്ഞ മാസം ഒമ്പതിനാണ് വീടിന് തീപിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നടത്തിയ പരിശോധനയിൽ ഷോട്ട് സർക്യൂട്ട് സാധ്യത തള്ളി. തീപിടുത്തത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധം തുടങ്ങിയതോടെ ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷണം തുടങ്ങി.
അന്വേഷണം പുരോഗമിക്കവെയാണ് കുടുംബവുമായി ബന്ധമുണ്ടായിരുന്ന പ്രദേശവാസിയെ പൊലീസ് ചോദ്യം ചെയ്തത്. ഇയാളിൽ നിന്ന് ലഭിച്ച വിവരം ശരിയാണോ എന്ന് പരിശോധിക്കാൻ ഫോണുകളും, ലാപ്ടോപ്പ് ടോപ്പും ശാസ്ത്രീയ പരിശോധനക്കയച്ചു. കാക്കനാട് റീജണൽ ലാബിലാണ് പരിശോധന നടത്തുക. ഇതോടൊപ്പം കോൾ വിവരങ്ങൾ ശേഖരിക്കാനും നടപടി തുടങ്ങി. കേസിൽ ഇതുവരെ കൊലപാതകമെന്ന് സംശയിക്കാനുള്ള തെളിവുകൾ കിട്ടിയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.