കൊച്ചിയില്‍ വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത കോടികള്‍ ടേക്ക് ഓഫ് കണ്‍സള്‍ട്ടന്‍സി ഉടമ കാര്‍ത്തിക പ്രദീപ് വിദേശത്ത് നിക്ഷേപങ്ങളാക്കിയെന്ന് സംശയം. കാര്‍ത്തികയുടെ ബിസിനസ് പാര്‍ട്ണറായ യുവാവടക്കം വിദേശത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. കൊച്ചിയില്‍ നിന്ന് രക്ഷപ്പെടുന്നതിന് മുന്‍പ് കാര്‍ത്തികയും സംഘവും ആക്രമിച്ചുവെന്ന ആരോപണവുമായി യുവാവ് രംഗതെത്തി.
ഒന്നരമാസം മുന്‍പ് കാക്കനാടുള്ള ടാറ്റൂ സ്റ്റുഡിയോയില്‍ കാര്‍ത്തികയും കൂട്ടരും നടത്തിയ അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ടാറ്റൂ സ്റ്റുഡിയോ ഉടമ മൂവാറ്റുപുഴ സ്വദേശി ജിത്തുവാണ് അന്ന് ആക്രമണത്തിനിരയായത്. ജിത്തു കാര്‍ത്തികയ്ക്ക് അയച്ച സന്ദേശത്തെ തുടര്‍ന്നായിരുന്നു ഈ കയ്യാങ്കളി.
വിവാഹാലോചനയുമായി ബന്ധപ്പെട്ട് 2023ലാണ് കാര്‍ത്തികയെ ജിത്തു പരിചയപ്പെടുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഒപ്പം കണ്‍സള്‍ട്ടന്‍സി സ്ഥാപന ഉടമയെന്നാണ് കാര്‍ത്തിക പരിചയപ്പെടുത്തിയതെന്ന് ജിത്തു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തന്‍റെ സുഹൃത്തിനെയും ഭാര്യയെയും കാര്‍ത്തിക പറ്റിച്ചതോടെ ചിത്രം തെളിഞ്ഞു.
ഇതോടെ ബന്ധത്തില്‍ നിന്ന് പിന്‍മാറിയെന്ന് ജിത്തു. ആ കാലയളവില്‍ ജിത്തുവിനോട് കാര്‍ത്തിക പങ്കുവെച്ച ചില വിവരങ്ങള്‍ പൊലീസിന്‍റെ സംശയങ്ങള്‍ ബലപ്പെടുത്തുന്നു.മറ്റു ചിലരുടെ സഹായത്തോടെയാണ് കാര്‍ത്തിയ കണ്‍സള്‍ട്ടന്‍സി തുടങ്ങിയതെന്ന് ജിത്തുവും സ്ഥിരീകരിക്കുന്നു.
അന്ന് കൂടെയുണ്ടായിരുന്നവര്‍ പലരും വിദേശത്താണ്. ഇവിടെ നിന്ന് തട്ടിയെടുത്ത പണം അവര്‍ മുഖേന കടത്തിയെന്നാണ് പൊലീസിന്‍റെ നിഗമനം. തട്ടിപ്പില്‍ കാര്‍ത്തികയുടെ കുടുംബാംഗങ്ങളുടെ പങ്ക് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.