പത്തനംതിട്ടയില്‍ മാരകായുധങ്ങളുമായെത്തി ക്ഷേത്രം ആക്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പിടിയില്‍. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി അടക്കം ഏഴ് പ്രവര്‍ത്തകരാണ് പിടിയിലായത്. ഉല്‍സവ ഗാനമേളയിലെ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയായിരുന്നു ആക്രമണം.
ഇന്നലെ രാത്രിയാണ് ഒരു സംഘം മേക്കൊഴൂര്‍ ഋഷികേശ ക്ഷേത്രം ആക്രമിച്ചത്. ക്ഷേത്രത്തിന് മുന്നിലെ ശ്രീരാമന്‍റെ കട്ടൗട്ട് തകര്‍ത്തു. ബലിക്കല്‍പ്പുരയില്‍ അതിക്രമിച്ച് കയറി കുടകളും മറ്റ് ഉപകരണങ്ങളും ബോര്‍ഡുകളും തകര്‍ത്തു.തടയാനെത്തിയ ജീവനക്കാരനേയും ആക്രമിച്ചു. ഡിവൈഎഫ്ഐ മൈലപ്ര മേഖലാ സെക്രട്ടറി ജോജോ കെ.വില്‍സണ്‍, പ്രസിഡന്‍റ് വി.എസ്.എബിന്‍ എന്നിവരും മറ്റ് അഞ്ച് പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി തന്നെ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു.ക്ഷേത്ര ഭാരവാഹികള്‍ എത്തി തിരിച്ചറിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തി.പൊലീസ് സ്റ്റേഷനില്‍ വച്ചു പോലും പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഉല്‍സവത്തിന് ഗാനമേളയില്‍ മദ്യപിച്ചെത്തി സംഘര്‍ഷമുണ്ടാക്കിയവരെ പുറത്താക്കിയിരുന്നു.ഇതിന്‍റെ തിരിച്ചടിക്ക് എത്തിയവരാണ് ക്ഷേത്രത്തില്‍ കയറി ആക്രമണം നടത്തിയത്.ക്ഷേത്രത്തിന്‍റെ സമീപ പ്രദേശത്ത് ഉള്ളവരാണ് പ്രതികള്‍.ആക്രമണത്തില്‍ പ്രതിഷേധിച്ച് ക്ഷേത്ര സംരക്ഷണ സമിതി ഇന്ന് മൈലപ്ര പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു.