ചങ്ങനാശേരി തൃക്കൊടിത്താനത്ത് യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മോസ്കോ സ്വദേശി 38കാരി മല്ലികയാണ് മരിച്ചത്. ഭർത്താവ് അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ ആറുമണിയോടെയാണ് മല്ലികയെ മരിച്ച നിലയിൽ കണ്ടത്. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസ് ഡ്രൈവർക്ക് സംശയം തോന്നിയതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.
മല്ലികയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളും രക്തക്കറയും കണ്ടെത്തി. മദ്യപിച്ചെത്തി അനീഷ് ഭാര്യയുമായി കലഹം ഉണ്ടാക്കുന്നത് പതിവായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മല്ലിക മുൻപ് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാക്കാൻ സാധിക്കുകയുള്ളൂ എന്ന് തൃക്കൊടിത്താനം പൊലീസ് അറിയിച്ചു.