തിരുവനന്തപുരം കമലേശ്വരത്ത് വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ അക്കൗണ്ട്സ് ജനറൽ ഓഫീസ് ഉദ്യോഗസ്ഥൻ പിടിയിൽ. എജി ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥനായ ജതിൻ ആണ് പിടിയിലായത്. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് വീടിന്റെ ടെറസിൽ നട്ട് വളർത്തിയ നിലയിൽ കഞ്ചാവ് ചെടികൾ കണ്ടെടുത്തത്.
പതിനൊന്ന് മാസമായി കമലേശ്വരത്തെ വീട്ടിൽ സുഹൃത്തുക്കളുമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു ജതിൻ. രഹസ്യസന്ദേശത്തെ തുടര്‍ന്ന് എക്സൈസ് ലഹരി വിരുദ്ധ സ്‌ക്വാഡ് എത്തി പരിശോധന നടത്തുകയായിരുന്നു. നാല് മാസം വളർച്ചയെത്തിയ അഞ്ച് കഞ്ചാവ് ചെടികളാണ് ഇയാളുടെ വീട്ടിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തത്.
അക്കൗണ്ട്സ് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥരായ മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് രാജസ്ഥാൻ സ്വദേശിയായ ജതിൻ കമലേശ്വരത്ത് താമസിച്ചിരുന്നത്. കഞ്ചാവ് ചെടികൾക്കൊപ്പം ചെടി പരിപാലിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും രണ്ട് പാക്കറ്റ് കഞ്ചാവ് വിത്തുകളും ജതിന്റെ മുറിയിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തു.