സമയം രാത്രി 12.45. തൃശൂര്‍ കുമാരനെല്ലൂരില്‍ വഴിയോരത്ത് കാര്‍ നിര്‍ത്തി യാത്രക്കാര്‍ ആരെയോ കാത്തിരിക്കുന്നു . അര്‍ധരാത്രി പിന്നിട്ടസമയം . സംശയാസ്പദമായ സാഹചര്യത്തില്‍ വാഹനം കണ്ടതിനെ തുടര്‍ന്ന് വടക്കാഞ്ചേരി എസ്.ഐ : ഹുസൈനാരും ടീമും കാറിനടുത്ത് എത്തി. പരിശോധിച്ചു. വിദേശ നിർമിത ആഡംബര വാൾ . 15 ഗുണ്ടുകൾ. ഒരു ബേസ് ബോൾ സ്റ്റിക്. പിന്നെ കാത്തു നിന്നില്ല കാറും കാറിലുണ്ടായിരുന്ന നാലുയുവാക്കളെയും കസ്റ്റഡിയിലെടുത്തു
യാത്രയുടെ ഉദ്ദേശം
തൃശൂർ അവിണിശേരി സ്വദേശിയായ ശ്രീജിത്തും കുമരനെല്ലൂർ സ്വദേശിനിയായ യുവതിയും ഉറ്റ സുഹൃത്തുക്കൾ. ശ്രീജിത്ത് ഭാര്യയുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. പിന്നെ, ഈ യുവതിയോടൊപ്പം താമസിച്ചു തുടങ്ങി. ലഹരി തലയ്ക്കുപിടിച്ച് ഉപദ്രവം തുടർന്നപ്പോൾ പെൺകുട്ടി രക്ഷപ്പെട്ട് വീട്ടിൽ അഭയം തേടി. പെൺകുട്ടിയെ ബലം പ്രയോഗിച്ച് കൊണ്ടു പോകാൻ ശ്രമിച്ചു. വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബന്ധുക്കൾ ശ്രീജിത്തിനെ കല്ലെറിഞ്ഞ് ഓടിച്ചു. കാറിൻ്റെ ചില്ല് പൊട്ടി. തൽക്കാലം അവിടെ നിന്ന് മുടങ്ങിയ ശ്രീജിത്ത് മറ്റൊരു കാറിൽ സുഹൃത്തുക്കളെ കൂട്ടി പകവീട്ടാൻ ഇറങ്ങി തിരിച്ചു.
ഗുണ്ടുകൾ പൊട്ടിച്ച് വീട്ടിലേക്ക് എറിയണം
15 ഗുണ്ടുകൾ വാങ്ങി കാറിലിട്ടു . ബേസ്ബോൾ സ്റ്റിക്കും കരുതി. ഇതിന് പുറമെ ആഡംബര വാളും. ഓൺലൈനിൽ ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്തതാണ് ഈ വാൾ. 26,000 രൂപയാണ് ഇതിനായി ചെലവിട്ടത്. ലഹരി ഉപയോഗിച്ചതിന് ശ്രീജിത്തിന് എതിരെ കേസുണ്ട്. സുഹൃത്തുക്കളായ അലക്സും വിഷ്ണുവും ശിവശങ്കരനും ശ്രീജിത്തിനൊപ്പം കൂട്ടിന് വന്നതായിരുന്നു. കോടതിയിൽ ഹാജരാക്കിയ നാലു പേരെയും റിമാൻഡ് ചെയ്തു.
ഇൻസ്പെക്ടറുടെ തോന്നൽ തുണയായി
പെൺകുട്ടിയുടെ വീടാക്രമിക്കാൻ ശ്രീജിത്ത് വീണ്ടും വന്നാലോ ? വീടിൻ്റെ പരിസരത്ത് പട്രോളിങ്ങ് വേണം. വടക്കാഞ്ചേരി ഇൻസ്പെക്ടർ റിജിൻ എം. തോമസിൻ്റെ മനസ് പറഞ്ഞു. എസ്.ഐ : ഹുസൈനാർ , പൊലീസ് ഉദ്യോഗസ്ഥരായ മനോജ് , ജോബി എന്നിവർ പട്രോളിങ് നടത്തി. പൊലീസ് അർധരാത്രി ആ കാറിന് അടുത്ത് ചെന്നില്ലായിരുന്നെങ്കിൽ ഗുണ്ടുകൾക്ക് തീ കൊളുത്തി വീട്ടിലേക്ക് എറിയാനായിരുന്നു പദ്ധതി . ആപത്ത് സംഭവിക്കുമായിരുന്നു. പൊലീസിന് എങ്ങനെ കുറ്റകൃത്യം തടയമെന്നതിൻ്റെ ഉത്തമോദോഹരണമാണ് കുമരനെല്ലൂർ സംഭവം.