എങ്ങനെ തേജസ് രാജിന് കൊലപാതകം ചെയ്യാൻ കഴിഞ്ഞു എന്ന് അതിശയത്തോടെ ചോദിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും. പഠിക്കാൻ മിടുക്കനായ തേജസ് രാജ് എല്ലാവരോടും മികച്ച പെരുമാറ്റവും നല്ല സഹകരണവും ആയിരുന്നു. പെൺകുട്ടിയുടെയും തേജസിന്റെയും കുടുംബം ഇരുവരുടെയും വിവാഹത്തിന് നേരത്തെ തന്നെ സമ്മതം അറിയിച്ചതായും ബന്ധുക്കൾ പറയുന്നു.
തേജസിനെക്കുറിച്ച് നാട്ടുകാർക്കും ബന്ധുക്കൾക്കും ഒരേ അഭിപ്രായം. പെരുമൺ എൻജിനീയറിങ് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. സിവിൽ പോലീസ് ഓഫീസർ ടെസ്റ്റിൽ എഴുത്തു പരീക്ഷ പാസായ തേജസ് കായിക ക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടു. എന്നാൽ ബാങ്ക് കോച്ചിങ്ങിനായി പോയ ഫ്ലോറി പാസാക്കുകയും ജോലി നേടുകയും ചെയ്തു. ഇതോടെ മാനസിക പിരിമുറുക്കത്തിലായ തേജസ് കൗൺസിലിങ്ങിന് വിധേയനായിട്ടുണ്ട്.
കൊല്ലം ഡിസിആർബിയിലെ ഗ്രേഡ് എസ്‌ഐയായ ബൈജുവിന്റെ രണ്ടാമത്തെ മകനാണ് തേജസ്. മൂത്തയാൾ കൊല്ലം കളക്ടറേറ്റിൽ ഉദ്യോഗസ്ഥനാണ്. പെട്ടെന്ന് കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനം എന്തെന്ന് ആർക്കും അറിയില്ല. എങ്ങനെ തേജസ്സും പെൺകുട്ടിയും തെറ്റിയെന്നും. ഇതിനുള്ള ഉത്തരമാണ് കൊല്ലത്ത് നടന്ന ദാരുണമായ കൊലപാതകത്തിലേക്കും പിന്നീട് തേജസിന്റെ മരണത്തിലേക്കും നയിച്ചത്.
തേജസും ഫെബിന്റെ സഹോദരിയും തമ്മിൽ വിവാഹം ഉറപ്പിച്ചിരുന്നു. പിന്നീട് ഇതിൽനിന്നു പിന്മാറിയതാണു തേജസിനു വൈരാഗ്യമുണ്ടാകാൻ കാരണമെന്നു പൊലീസ് വ്യക്തമാക്കി. മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ യുവതിയെയും മാതാപിതാക്കളെയും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണു തേജസ് എത്തിയതെന്നും പൊലീസ് പറഞ്ഞു.ഇന്നലെയാണ് ഫാത്തിമാ മാതാ നാഷനൽ കോളജ് രണ്ടാം വർഷം ബിസിഎ വിദ്യാർഥിയും ഉളിയക്കോവിൽ വിളപ്പുറം ജോർജ് ഗോമസിന്റെ മകനുമായ ഫെബിൻ ജോർജ് ഗോമസ് (21) കുത്തേറ്റു മരിച്ചത്. പ്രതി തേജസ്സ് രാജിനെ (23) പിന്നീട് ചെമ്മാൻമുക്ക് റെയിൽവേ ഓവർബ്രിജിനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.