പലചരക്ക് സൂക്ഷിക്കുന്ന ബക്കറ്റിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് വില്‍പന നടത്തിയിരുന്ന വീട്ടമ്മ അറസ്റ്റില്‍. പാലക്കാട് തെങ്കര ചിറപ്പാടം സ്വദേശിനി ഭാനുമതിയെയാണ് മണ്ണാര്‍ക്കാട് പൊലീസ് ഏഴ് കിലോ കഞ്ചാവുമായി വീട്ടില്‍ നിന്നും പിടികൂടിയത്. ഭാനുമതി നേരത്തെയും ലഹരികടത്തിന് പിടിയിലായിട്ടുണ്ടെന്ന് പൊലീസ്.
വ്യത്യസ്ത നിറങ്ങളിലുള്ള പ്ലാസ്റ്റിക് ബക്കറ്റുകള്‍. ഒറ്റനോട്ടത്തില്‍ പലചരക്ക് സാധനങ്ങളെന്നേ തോന്നൂ. വീട്ടിനുള്ളിലാവുമ്പോള്‍ മറ്റ് സംശയങ്ങള്‍ക്കിടയില്ല. ഈ സാധ്യതയാണ് ഭാനുമതി പരമാവധി പ്രയോജനപ്പെടുത്തിയത്. വിവിധ ബക്കറ്റുകളിലാക്കി വീട്ടിനുള്ളില്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നു. വീട്ടിലെത്തുന്ന ആവശ്യക്കാര്‍ക്ക് കഞ്ചാവ് തൂക്കി വില്‍ക്കുന്നതായിരുന്നു രീതി. പലചരക്ക് ബക്കറ്റിനുള്ളിലെ കഞ്ചാവ് ശേഖരത്തെക്കുറിച്ച് നാട്ടുകാരില്‍ ചിലര്‍ അറിഞ്ഞു. പിന്നാലെ മണ്ണാര്‍ക്കാട് പൊലീസിനെ അറിയിക്കുകയായിരുന്നു.
വീട്ടിനകത്തെ പരിശോധനയിലാണ് കഞ്ചാവും തൂക്കി വില്‍പ്പനയ്ക്കായുള്ള ത്രാസും കണ്ടെടുത്തത്. ഇവര്‍ക്കെതിരെ അഞ്ച് കേസുകള്‍ നിലവിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജില്ലയ്ക്ക് അകത്തും പുറത്തുമായി പതിവായി ലഹരി ഇടപാട് നടത്തിയിരുന്നതായും തെളിഞ്ഞിട്ടുണ്ട്. മണ്ണാര്‍ക്കാട് ഡിവൈഎസ് പി സി.സുന്ദരന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കഞ്ചാവും വില്‍പ്പനക്കാരിയെയും പിടികൂടിയത്.