ബെംഗളൂരുവിൽ ദുരൂഹ സാഹചര്യത്തിൽ മലയാളി മരിച്ചത് കൊലപാതകമെന്ന് സ്ഥിരീകരിച്ചു. തൊടുപുഴ സ്വദേശി ലിബിൻ ബേബിയുടെ മരണം കൂടെ താമസിച്ചിരുന്നയാളുടെ ആക്രമണത്തിലാണെന്ന് കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി എബിൻ ബേബി അറസ്റ്റിലായി.
എട്ടാം തിയ്യതിയാണ് ലിബിനെ കുളിമുറിയിൽ വീണു പരുക്കേറ്റെന്ന് പറഞ്ഞ് സുഹൃത്തുക്കൾ നിംഹാൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയ്ക്ക് പിറകിൽ സാരമായ പരുക്കേറ്റ ലിബിൻ ആശുപത്രിയിലെത്തി വൈകാതെ കോമയിലായി. ബുധനാഴ്ച മരിച്ചു. കുളിമുറിയിൽ തലയടിച്ചു വീണാലുണ്ടാകുന്ന തരത്തിലുള്ള പരുക്കല്ല ലിബിനുണ്ടായതെന്ന് കണ്ടെത്തിയ ഡോക്ടറാണ് പൊലീസിന് വിവരം കൈമാറിയത്.
കൂടെ താമസിച്ചിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി എബിൻ ബേബി ലിബിനെ മർദ്ദിച്ചിരുന്നുവെന്ന് സുഹൃത്തുക്കൾ മൊഴി നൽകിയത് നിർണായകമായി. തുടർന്ന് ബെംഗളൂരു ബെനാർക്കട്ട പോലീസ് കാഞ്ഞിരപ്പള്ളിയിലെത്തി എബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ലിബിന്റെ അമ്മയിൽ നിന്നും ബന്ധുക്കളിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.