നാല് മാസം പ്രായമായ പെണ്‍കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊന്ന കേസില്‍ അച്ഛന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഘട്‌കോപ്പർ ഈസ്റ്റിലെ കാമരാജ് നഗറിലാണ് ദാരുണമായ സംഭവം നടന്നത്. 40 കരാരന്‍ സഞ്ജയ് കോക്കറെയാണ് അറസറ്റിലായത്. പ്രതിയുടെ ഭാര്യ ശൈലജ നല്‍കിയ പരാതിയിലാണ് പന്ത്നഗർ പൊലീസ് നടപടി.
നാല് മാസം മുന്‍പാണ് ഇരുവര്‍ക്കും മൂന്നാമതൊരു പെണ്‍കുഞ്ഞ് ജനിച്ചത്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന സഞ്ജയ് ഇതോടെ സാമ്പത്തിക സ്ഥിതിയെ പറ്റി ആശങ്കപ്പെട്ടിരുന്നു. ഇക്കാര്യം പറഞ്ഞ് സഞ്ജയും ഭാര്യയും തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തര്‍ക്കത്തിന്‍റെ തുടര്‍ച്ചയായി ഫെബ്രുവരി 28 ന് രാത്രി 9.45 ഓടെ തൊട്ടിലില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ സഞ്ജയ്ക് കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
വീടുകളില്‍ സഹായത്തിന് നില്‍ക്കുന്ന ശൈലജ വീട്ടിലില്ലാത്ത സമയത്തായുള്ള ക്രൂരകൃത്യം നടന്നത്. ഭാര്യ ജോലിക്ക് ശേഷം വീട്ടിലെത്തിയപ്പോള്‍ കുഞ്ഞിന്‍റെ ആരോഗ്യ നില പെട്ടെന്ന് വഷളായെന്നും പ്രതികരിക്കുന്നില്ലെന്നുമാണ് ഇയാള്‍ ഭാര്യയോട് പറഞ്ഞത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
കുട്ടി ജനിച്ചതു മുതല്‍ ഭര്‍ത്താവ് അസന്തുഷ്ടനമായിരുന്നുവെന്ന് ശൈലജ പ്രാഥമികാന്വേഷണത്തില്‍ പൊലീസിന് മൊഴി നല്‍കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സാധ്യത ഡോക്ടര്‍മാരും സൂചിപ്പിച്ചതോടെയാണ് സഞ്ജയ്‍യെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. പ്രതിയെ മാര്‍ച്ച് ഏഴുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഭാരതീയ ന്യായ് സന്‍ഹിത സെക്ഷന്‍ 103(1) പ്രകാരം കൊലകുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.