ഭര്‍ത്താവിന്‍റെ അമ്മയെ കൊല്ലാൻ ഗുളിക ആവശ്യപ്പെട്ട് ഡോക്ടർക്ക് യുവതിയുടെ സന്ദേശം. ബെംഗളൂരു സഞ്ജയ് നഗറിലെ ഡോ. സുനിൽ കുമാർ ഹെബിക്കാണ് മരുന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമത്തിലൂടെ സഹാനെയെന്ന യുവതി നിരന്തരം സന്ദേശമയച്ചത്. ഡോക്ടര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സഹാനയ്ക്കെതിരെ പൊലീസ് കേസെടുത്തു.
ഭര്‍ത്താവിന്‍റെ അമ്മ തന്നെ പതിവായി അപമാനിക്കുകയാണെന്നും അവരുടെ ജീവനെടുക്കാന്‍ മരുന്നു നല്‍കണമെന്നുമായിരുന്നു സഹാനയുടെ ആവശ്യം. ഡോക്ടർമാരുടെ ജോലി ജീവൻ രക്ഷിക്കുകയാണെന്നും ജീവനെടുക്കുകയല്ലെന്നും സുനിൽ കുമാർ ഹെബി പറഞ്ഞെങ്കിലും യുവതി വീണ്ടും പലതവണ സന്ദേശമയച്ച് തന്‍റെ ആവശ്യം ആവര്‍ത്തിച്ചു.
യുവതി പിന്‍തിരിയാന്‍ കൂട്ടാക്കാതായതോടെ ഡോ. സുനിൽ കുമാർ ഹെബി പൊലീസില്‍ പരാതി നല്‍കി. സഹാന സന്ദേശം അയച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. പ്രതിയെ ഉടന്‍ കണ്ടെത്താനാകുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.